ഗസ്സയിൽ ഉടൻ വെടിനിർത്തൽ വേണമെന്ന് ആവർത്തിച്ച് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഗസ്സയിൽ ഉടൻ വെടിനിർത്തൽ വേണമെന്നും അതിർത്തികൾ തുറന്ന് ജീവൻ രക്ഷാ സഹായം എത്തിക്കുന്നതിന് നടപടി വേണമെന്നും ആവർത്തിച്ച് കുവൈത്ത്. ഫലസ്തീൻ ജനതയെ അവരുടെ പ്രദേശങ്ങളിൽ നിന്ന് ബലം പ്രയോഗിച്ച് പുറത്താക്കാനുള്ള ഏതൊരു ശ്രമത്തെയും ശക്തമായി എതിർക്കുന്നതായും വ്യക്തമാക്കി. ഉഗാണ്ടയിലെ കമ്പാലയിൽ നടന്ന ചേരിചേരാ പ്രസ്ഥാനത്തിന്റെ 19ാമത് യോഗത്തിൽ നടത്തിയ പ്രസംഗത്തിൽ ഐക്യരാഷ്ട്രസഭയിലെ കുവൈത്ത് സ്ഥിരം പ്രതിനിധി താരീഖ് എം അൽ ബനായിയാണ് ഇക്കാര്യം അറിയിച്ചത്.
പതിറ്റാണ്ടുകളായി ഇസ്രായേൽ അധിനിവേശത്തിന്റെ ക്രൂരതകൾ ഫലസ്തീൻ ജനത അനുഭവിക്കുകയാണ്. ഇത് അവസാനിപ്പിക്കേണ്ട സമയമാണിതെന്നും അൽ ബനായി ചൂണ്ടിക്കാട്ടി. ഗസ്സയിലെ അതിക്രമങ്ങൾക്ക് ഇസ്രായേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക കൊണ്ടുവന്ന വംശഹത്യ കേസിനെ അൽ ബനായി സ്വാഗതം ചെയ്തു.
ചേരിചേരാ രാജ്യങ്ങളിലും ലോകമെമ്പാടും വികസനവും സമൃദ്ധിയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങൾക്കും കുവൈത്ത് പിന്തുണ നൽകുന്നത് തുടരും. ഫലസ്തീൻ ജനത നടത്തുന്ന ധീരമായ പോരാട്ടത്തിന് കുവൈത്ത് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
നൂറു ദിവസം പിന്നിട്ട ഇസ്രായേൽ ആക്രമണത്തിലെ മരണവും പരിക്കേറ്റവരുടെ എണ്ണവും നാശനഷ്ടങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇസ്രായേൽ അതിക്രമങ്ങളിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ നിശ്ശബ്ദതയെ അൽ ബനായി വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.