സ്ത്രീ ശാക്തീകരണ പ്രതിബദ്ധത ആവർത്തിച്ച് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: വിവിധ അവകാശങ്ങൾ നേടിയെടുക്കുന്നതിന് സ്ത്രീകളെ ശാക്തീകരിക്കുന്നതിനുള്ള പ്രതിബദ്ധത ആവർത്തിച്ചു പ്രഖ്യാപിച്ച് കുവൈത്ത്. രാജ്യത്തെ ഭരണഘടനക്കും യു.എൻ നിശ്ചയിച്ച 2030ലെ സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കും അനുസൃതമായി, സ്ത്രീകളെ പ്രാപ്തരാക്കാനുള്ള ശ്രമങ്ങൾക്ക് പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ കുവൈത്ത് പിന്തുണ നൽകുന്നതായി യു.എന്നിലെ സ്ഥിരം ദൗത്യത്തിന്റെ നയതന്ത്ര അറ്റാഷെ മവാദ അൽ മൻസൂർ വ്യക്തമാക്കി. യു.എൻ ജനറൽ അസംബ്ലിയുടെ മൂന്നാം കമ്മിറ്റിയുടെ സെഷനിൽ സംസാരിക്കുകയായിരുന്നു അവർ.
കുവൈത്ത് ഭരണഘടനയുടെ ആർട്ടിക്കിൾ 29ൽ രാജ്യത്തെ സമൂഹ വിഭാഗങ്ങൾക്കിടയിൽ വിവേചനം പാടില്ലെന്ന് ഉറപ്പാക്കുന്നു. അവകാശങ്ങളിലും കടമകളിലും ആളുകൾ തുല്യരാണെന്ന് വ്യവസ്ഥ ചെയ്യുന്നതായും അവർ പറഞ്ഞു. കുവൈത്തിൽ വർഷങ്ങളായി ജുഡീഷ്യൽ, ഓയിൽ, ഹെൽത്ത്, ടീച്ചിങ് മേഖലകളിലും മറ്റ് മേഖലകളിലെ ഉന്നത സ്ഥാനങ്ങളിലും സ്ത്രീകൾ സേവനമനുഷ്ഠിക്കുന്നതായും അവർ ചൂണ്ടിക്കാട്ടി. പുതിയ ബാച്ചുകളിലെ നയതന്ത്ര സേനയുടെ 30 ശതമാനം വരെ വനിതാ സാന്നിധ്യമുണ്ട്.
മന്ത്രിമാരായും പാർലമെന്റ് അംഗങ്ങളായും അണ്ടർ സെക്രട്ടറി പദവികളിലും വനിതകളെത്തി. ഏറ്റവും ഒടുവിൽ നടന്ന ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ രണ്ട് വനിത അംഗങ്ങളെ പാർലമെന്റിലേക്ക് തെരഞ്ഞെടുത്തു. മറ്റ് നാലുപേരെ മുനിസിപ്പൽ ബോർഡിൽ നിയമിച്ചു. ഇതെല്ലാം സ്ത്രീകളുടെ നേട്ടങ്ങൾ കാണിക്കുന്നതായും മവാദ അൽ മൻസൂർ പറഞ്ഞു. 2035ഓടെ പുതിയ കുവൈത്ത് നിർമിക്കാനുള്ള ശ്രമത്തിലാണെന്നും സ്ത്രീകളുടെ കാര്യക്ഷമമായ പങ്കാളിത്തമില്ലാതെ ഇതിലേക്ക് എത്താനാവില്ലെന്ന് തങ്ങൾക്കറിയാമെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.