ഫലസ്തീന് പിന്തുണ ആവർത്തിച്ച് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീനുള്ള പൂർണ പിന്തുണ ആവർത്തിച്ച് വ്യക്തമാക്കി കുവൈത്ത്.ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ, ഫലസ്തീലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ കുവൈത്ത് തങ്ങളുടെ ഉറച്ച നിലപാട് പുതുക്കി. സ്വയം നിർണയാവകാശം ഉൾപ്പെടെയുള്ള രാഷ്ട്രീയ അവകാശങ്ങൾ നേടിയെടുക്കാൻ ഫലസ്തീനികൾക്ക് അവകാശമുണ്ടെന്നും ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം പ്രതിനിധി മുഹമ്മദ് അൽ സവാഗ് വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയിൽ നാലാം കമ്മിറ്റിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫലസ്തീൻ പ്രദേശങ്ങളിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഫലസ്തീനികൾക്കുള്ള സമ്പൂർണ രാഷ്ട്രീയ അവകാശങ്ങൾ നേടിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സഭയെ ഉണർത്തി. നിരവധി രാജ്യങ്ങൾ സ്വാതന്ത്ര്യം നേടുകയും ഐക്യരാഷ്ട്ര സഭ അംഗത്വത്തിൽ ചേരുകയും ചെയ്തു എന്നതാണ് യു.എന്നിന്റെ ഏറ്റവും പ്രധാന നേട്ടമെന്ന് അൽ സവാഗ് പരാമർശിച്ചു. എല്ലാ രാജ്യങ്ങളും യു.എന്നുമായി സഹകരിക്കണമെന്നും പ്രദേശങ്ങളുടെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സാഹചര്യങ്ങളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകണമെന്നും യു.എൻ ആർട്ടിക്കിൾ നമ്പർ 73 അനുസരിച്ച് അവ വികസിപ്പിക്കാൻ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിന്റെ മേൽനോട്ടത്തിലുള്ള യു.എന്നിന്റെ എല്ലാ ശ്രമങ്ങൾക്കും കുവൈത്തിന്റെ പൂർണ പിന്തുണ അദ്ദേഹം ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.