യു.എൻ പൊതുസഭയിൽ യുക്രെയ്ന് പിന്തുണ ആവർത്തിച്ച് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: യുക്രെയ്നിന്റെ പരമാധികാരത്തെ മാനിക്കണമെന്നും രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു. റഷ്യ-യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത യു.എൻ പൊതുസഭയുടെ അടിയന്തര സമ്മേളനത്തിലാണ് കുവൈത്ത് പ്രതിനിധി അംബാസഡർ മൻസൂർ അൽ ഉതൈബി രാജ്യത്തിെൻറ നിലപാട് അറിയിച്ചത്. റഷ്യ-യുക്രെയ്ൻ യുദ്ധം യൂറോപ്പിൽ മാത്രമല്ല ആഗോളതലത്തിൽ തന്നെ സമാധാനത്തിനും സുരക്ഷക്കും ഗുരുതര ഭീഷണിയാണെന്ന് കുവൈത്ത് പ്രതിനിധി ചൂണ്ടിക്കാട്ടി. നയതന്ത്ര ചർച്ചകളിലൂടെയാണ് തർക്കങ്ങൾക്ക് പരിഹാരമുണ്ടാക്കേണ്ടത്.
സൈനിക അധിനിവേശത്തെ കുവൈത്ത് ഒരുനിലക്കും അംഗീകരിക്കില്ല. യുദ്ധം തുടർന്നാൽ ദശലക്ഷക്കണക്കിന് പേരാണ് അഭയാർഥികളായി ദുരിതത്തിലേക്ക് നയിക്കപ്പെടുകയെന്നും അംബാസഡർ മൻസൂർ അൽ ഉതൈബി കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസം ചേർന്ന കുവൈത്ത് മന്ത്രിസഭയുടെ അസാധാരണ യോഗം റഷ്യ-യുക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ ചർച്ച ചെയ്തിരുന്നു. യുക്രെയ്നിെൻറ സ്വാതന്ത്ര്യത്തിനും തർക്കങ്ങൾ അവസാനിപ്പിക്കുന്നതിനും വേണ്ടിയുള്ള അന്താരാഷ്ട്ര ശ്രമങ്ങൾക്ക് കുവൈത്തിെൻറ പൂർണ പിന്തുണ മന്ത്രിസഭ ആവർത്തിച്ചു. സ്ഥിതിഗതികൾ വളരെ ഖേദത്തോടെയും ആശങ്കയോടെയും വീക്ഷിക്കുന്നതായും സൈനിക ശക്തി ഉപയോഗിച്ചുള്ള അധിനിവേശത്തെ നിരാകരിക്കുന്നതായും മന്ത്രിസഭ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.