ഗസ്സയെ ചേർത്തുനിർത്തി കുവൈത്ത് റിലീഫ് സൊസൈറ്റി
text_fieldsകുവൈത്ത് സിറ്റി: ഗസ്സയിലെ ദുരിതമനുഭവിക്കുന്നവരെ ചേർത്തു നിർത്തി കുവൈത്ത് റിലീഫ് സൊസൈറ്റി. ഗസ്സയിലെ വിവിധ പദ്ധതികൾക്കായി 18 ദശലക്ഷം യു.എസ് ഡോളറിന്റെ സഹായം നടപ്പാക്കിയതായി സൊസൈറ്റി അറിയിച്ചു. ഒക്ടോബർ ഏഴിന് ഗസ്സയിൽ ഇസ്രായേൽ ആക്രമണം ശക്തിപ്പെടുത്തിയത് മുതലുള്ള സഹായ തുകയാണിത്. 30 ലധികം ചാരിറ്റബിൾ സൊസൈറ്റികളുടെ പങ്കാളിത്തത്തോടെ 300 ദിവസങ്ങളിലായി വിവിധ കാമ്പയിനുകൾ വഴിയാണ് 18 ദശലക്ഷം യു.എസ് ഡോളർ സമാഹരിച്ചതെന്ന് അസോസിയേഷൻ ജനറൽ മാനേജർ അബ്ദുൽ അസീസ് അൽ ഉബൈദ് പറഞ്ഞു.
ഗസ്സയിലെ ഫലസ്തീനികളുടെ ഭക്ഷണം, മരുന്ന്, പാർപ്പിടം എന്നിവക്കാണ് കൂടുതലും തുക ചെലവഴിച്ചത്. ഗസ്സയിലേക്ക് മാനുഷിക ദുരിതാശ്വാസ സഹായമായി വിമാനങ്ങൾ, കപ്പലുകൾ എന്നിവ വഴി അഞ്ചര ടണ്ണിലേറെ സാമഗ്രികളും അയച്ചു. ഒരു ദശലക്ഷത്തോളം ഫലസ്തീൻകാർക്ക് ദുരിതാശ്വാസ പദ്ധതികൾ നടപ്പാക്കിയതായി അസോസിയേഷനിലെ ദുരിതാശ്വാസ, പ്രോജക്ട് വിഭാഗം മേധാവി മഹ്മൂദ് അൽ മിസ്ബാഹ് പറഞ്ഞു.
ഗസ്സയിൽ പ്രവർത്തിക്കുന്ന ഫലസ്തീൻ ചാരിറ്റബിൾ സൊസൈറ്റികളിൽനിന്നുള്ള പങ്കാളികളുമായി ചേർന്നാണ് ഇത് നടപ്പാക്കിയത്. പൊതു ശുചീകരണ പദ്ധതികൾ, മാലിന്യങ്ങളും അവശിഷ്ടങ്ങളും നീക്കം ചെയ്യൽ, മലിനജല നിർമാർജനം, ആശുപത്രികൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ നൽകൽ, സൗരോർജ സംവിധാനങ്ങൾ തുടങ്ങി മറ്റു വിവിധ പ്രവർത്തനങ്ങളും നടപ്പാക്കി.
ഗസ്സയെ സഹായിക്കാൻ കുവൈത്ത് രാഷ്ട്രീയ നേതൃത്വത്തിന്റെ നിർദേശങ്ങളിലും പിന്തുണയിലും സൊസൈറ്റി മാർക്കറ്റിങ് ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ അഹ്മദ് അൽ നഫൈസ് അഭിമാനം പ്രകടിപ്പിച്ചു. ഫലസ്തീനിലെ ചാരിറ്റബിൾ സൊസൈറ്റികൾ, അന്താരാഷ്ട്ര ദുരിതാശ്വാസ സ്ഥാപനങ്ങൾ, ദുരിതാശ്വാസ വാഹനങ്ങൾക്കും ടീമുകൾക്കും സൗകര്യങ്ങൾ ഒരുക്കിയവർ എന്നിവരെയും അദ്ദേഹം പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.