ഗസ്സയിൽ ശസ്ത്രക്രിയകളും പരിചരണവും നൽകി കുവൈത്ത് സംഘം
text_fieldsകുവൈത്ത് സിറ്റി: ഗസ്സയിലെത്തിയ കുവൈത്ത് റിലീഫ് സൊസൈറ്റിയുടെ മെഡിക്കൽ ടീം നിരവധി ശസ്ത്രക്രിയകളും നൂറുകണക്കിനു പേർക്ക് വൈദ്യ പരിചരണവും നൽകി. നാസർ മെഡിക്കൽ കോംപ്ലക്സിനും ഫലസ്തീനിയൻ ഹെൽത്ത് കെയർ സിസ്റ്റത്തിനും ആവശ്യമായ പിന്തുണയും നൽകി. ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണത്തിൽ പരിക്കേറ്റും ഗുരുതര രോഗങ്ങളാലും പ്രയാസപ്പെടുന്നവർക്ക് ആശ്വാസമായി കഴിഞ്ഞ ദിവസമാണ് കുവൈത്ത് സംഘം ഗസ്സയിലെത്തിയത്. കുവൈത്തിൽ നിന്ന് ഗസ്സയിലെത്തുന്ന രണ്ടാമത്തെ മെഡിക്കൽ സംഘമാണിത്. നാസർ മെഡിക്കൽ കോംപ്ലക്സിൽ മെഡിക്കൽ സൗകര്യം വീണ്ടും പ്രവർത്തനക്ഷമമാക്കുന്നതിനായുള്ള നടപടികൾക്ക് തുടക്കമിട്ടതായി കുവൈത്ത് റിലീഫ് സൊസൈറ്റി ഡെപ്യൂട്ടി ചെയർമാൻ ഒമർ അൽ തുവൈനി പറഞ്ഞു. തെക്കൻ ഗസ്സയിലെ ലക്ഷക്കണക്കിന് ഫലസ്തീനികൾക്ക് ആശ്വാസമായിരുന്ന മെഡിക്കൽ കോംപ്ലക്സിൽ ഇസ്രായേൽ സൈനിക ആക്രമണത്തിൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
കുവൈത്ത് മെഡിക്കൽ സംഘം മെഡിക്കൽ ഉപകരണങ്ങളും സപ്ലൈകളും ഇവിടേക്ക് കൈമാറി. മരുന്നുകൾ , ശസ്ത്രക്രിയകൾ, വൈദ്യ പരിചരണം എന്നിവക്ക് ആവശ്യമായ ഉപകരണങ്ങളും നൽകി. ഗുരുതരമായ കേസുകൾക്കും വിട്ടുമാറാത്ത രോഗങ്ങൾക്കും പ്രത്യേക ശ്രദ്ധ നൽകാനുള്ള സഹായവും നൽകി. കുവൈത്ത് സംഘം യൂറോപ്യൻ ആശുപത്രിയിലും കുവൈത്ത് ഹോസ്പിറ്റലിലും നിരവധി ശസ്ത്രക്രിയകൾ നടത്തിയതായും നൂറുകണക്കിന് ഫലസ്തീനികൾക്ക് ചികിത്സ നൽകിയതായും അൽ തുവൈനി പറഞ്ഞു. വിവിധ സ്പെഷാലിറ്റികളിലെ ഡോക്ടർമാർ, നഴ്സ് എന്നിവരുൾപ്പെടെ 17 പേരാണ് കുവൈത്ത് മെഡിക്കൽ ടീമിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.