ഇനി എല്ലാം സാധാരണ പോലെ; ബാക്കി കോവിഡ്കാല നിയന്ത്രണങ്ങളും നീക്കി രാജ്യം
text_fieldsകുവൈത്ത് സിറ്റി: അവശേഷിക്കുന്ന കോവിഡ് കാല നിയന്ത്രണങ്ങളും നീക്കി കുവൈത്ത്. അടച്ചിട്ട സ്ഥലങ്ങളിലും ഇനി മാസ്ക് നിർബന്ധമില്ല. വിദേശത്തുനിന്ന് വരുന്നവർക്ക് വാക്സിനേഷനോ പി.സി.ആർ പരിശോധനയോ ആവശ്യമില്ല. ക്വാറൻറീൻ നിബന്ധനകളും നീക്കി. വാക്സിൻ എടുത്താലും ഇല്ലെങ്കിലും രോഗികളുമായി സമ്പർക്കം പുലർത്തിയാൽ പോലും ക്വാറൻറീൻ ആവശ്യമില്ല. സ്പോർട്സ് സ്റ്റേഡിയങ്ങളിൽ പൂർണതോതിൽ പ്രവേശനം അനുവദിക്കും. രോഗലക്ഷണമുള്ളവർ മാസ്ക് ധരിക്കണമെന്ന് നിർദേശമുണ്ട്. കുത്തിവെപ്പ് എടുക്കാത്തവർക്കും കളിക്കളങ്ങളിൽ പ്രവേശിക്കാം. ശ്ലോനിക് ആപ്ലിക്കേഷൻ ഉപയോഗം കോവിഡ് ബാധിതരുടെ ഫോളോഅപ്പിന് മാത്രമായി പരിമിതപ്പെടുത്തി.
രാജ്യത്തെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ നീക്കിയത്. ഒരാൾ പോലും ഇപ്പോൾ കുവൈത്തിൽ കോവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലില്ല. പ്രതിദിനം അമ്പതോളം പേർക്ക് വൈറസ് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും രോഗമുക്തി അതിനേക്കാൾ കൂടുതലാണ്. ഏഴ് പേർ മാത്രമെ ആകെ ചികിത്സയിലുള്ളൂ. ഇതിൽ ആർക്കും ഗുരുതരാവസ്ഥയില്ല. ആഴ്ചകളായി മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. കോവിഡ് പ്രതിരോധത്തിനായി ത്യാഗം ചെയ്ത ആരോഗ്യ ജീവനക്കാർക്കും മറ്റുള്ളവർക്കും സഹകരിച്ച ജനങ്ങൾക്കും കുവൈത്ത് മന്ത്രിസഭ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.