കുവൈത്തിൽ പ്രതിമാസം ശരാശരി 12 ആത്മഹത്യയെന്ന് റിപ്പോർട്ട്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പ്രതിമാസം ശരാശരി 12 ആത്മഹത്യകൾ. 2021ൽ പത്തുമാസത്തിനിടെ 120 ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ആകെ 90 പേർ സ്വയം ജീവനൊടുക്കിയപ്പോൾ ഇൗ വർഷം എട്ടുമാസം കൊണ്ട് തന്നെ ഇൗ സംഖ്യ മറികടന്നു. ഇന്ത്യക്കാർ ഉൾപ്പെടെ വിദേശ തൊഴിലാളികളിലാണ് ആത്മഹത്യ പ്രവണത കൂടുതൽ. കുവൈത്തികളും പട്ടികയിലുണ്ട്. കോവിഡ് പ്രതിസന്ധി ആരംഭിച്ചതിനുശേഷം നിരക്ക് വർധിച്ചു. നിരവധി ആത്മഹത്യ ശ്രമങ്ങൾ അധികൃതർ ഇടപെട്ട് രക്ഷിച്ചിട്ടുണ്ട്. ശൈഖ് ജാബിർ പാലത്തിൽനിന്ന് കടലിൽ ചാടി മരിക്കാനുള്ള ശ്രമം തടയാൻ പൊലീസ് ജാഗ്രത വർധിപ്പിക്കുകയും പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.
ശനിയാഴ്ച മൂന്ന് ആത്മഹത്യ റിപ്പോർട്ട് ചെയ്തു. ഇതിൽ രണ്ടുപേർ കുവൈത്ത് പൗരന്മാരാണ്. എന്തുകൊണ്ടാണ് ആത്മഹത്യ വർധിക്കുന്നതെന്ന് പഠിച്ച് പരിഹാര നിർദേശങ്ങൾ ഉൾക്കൊള്ളുന്ന പഠന റിപ്പോർട്ട് ബന്ധപ്പെട്ട അധികൃതർക്ക് സമർപ്പിക്കുമെന്ന് നാഷനൽ ഒാഫിസ് ഫോർ ഹ്യൂമൻ റൈറ്റ്സ് അധികൃതർ പറഞ്ഞു. കോവിഡ് കാലം സൃഷ്ടിച്ച തൊഴിൽ നഷ്ടവും സാമ്പത്തിക പ്രതിസന്ധിയും മാനസികാഘാതവുമാണ് ആത്മഹത്യ വർധിക്കുന്നതിന് കാരണമായി വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.