കുവൈത്ത്- സൗദി റെയിൽ; പദ്ധതി നടപടി സജീവമാകുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തും സൗദി അറേബ്യയും തമ്മിലുള്ള റാപ്പിഡ് റെയിൽ ലിങ്ക് പദ്ധതി നടപടികൾ സജീവമാകുന്നു. കഴിഞ്ഞ ദിവസം വിവിധ മന്ത്രാലയങ്ങള്‍ ചേര്‍ന്ന യോഗത്തിൽ ഇത് സംബന്ധമായ പഠന നടപടി ക്രമങ്ങള്‍ ആരംഭിക്കാന്‍ തീരുമാനമായി. പദ്ധതിയുടെ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി വർക്ക്സ് മന്ത്രാലയമാണ് യോഗം വിളിച്ചത്.
ധനം, വൈദ്യുതി, ജലം, പ്രതിരോധം, എണ്ണ, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവയുൾപ്പെടെയുള്ള സർക്കാർ ഏജൻസികളുമായി യോഗത്തിൽ വിഷയം ചർച്ചചെയ്തു. കുവൈത്തിനും സൗദി തലസ്ഥാനമായ റിയാദിനുമിടയിൽ അതിവേഗ ബുള്ളറ്റ് ട്രെയിൻ നടപ്പാക്കുന്നതാണ് പദ്ധതി.
പദ്ധതിയുടെ പഠന റിപ്പോര്‍ട്ട് പൂർത്തിയാക്കിയ ഉടൻ ഇരുരാജ്യങ്ങളും സംയുക്ത കരാറിൽ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷ. പഠന റിപ്പോര്‍ട്ട് പൂര്‍ത്തിയാകാന്‍ ആറു മാസമെടുക്കുമെന്ന് പ്രാദേശിക മാധ്യമമായ അൽ ഖബസ് റിപ്പോര്‍ട്ട് ചെയ്തു. അതി വേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിലുള്ള കരട് കരാറിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഗതാഗത മന്ത്രിയെ സൗദി മന്ത്രിസഭാ യോഗം നേരത്തെ ചുമതലപ്പെടുത്തിയിരുന്നു.
പദ്ധതി പൂർത്തീകരിച്ചാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്രയും ചരക്കുനീക്കവും എളുപ്പമാക്കുകയും ചെലവു കുറയുകയും ചെയ്യും. ഗതാഗതരംഗത്തെ വലിയ മാറ്റത്തിനും റെയിൽപാത ഇടയാക്കും. ജി.സി.സി രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ജി.സി.സി റെയിൽ പദ്ധതിയും ആഭ്യന്തര റെയിൽപാതയും കുവൈത്ത് പരിഗണനയിലുണ്ട്.
കുവൈത്ത് സിറ്റിയെ അന്താരാഷ്ട്ര വിമാനത്താവളവുമായും തുറമുഖങ്ങളുമായും ബന്ധിപ്പിക്കുന്ന റെയിൽപാതയും ഒപ്പം കുവൈത്തിനെ മറ്റ് ജി.സി.സി രാജ്യങ്ങളുമായും ബന്ധിപ്പിക്കുന്നതാണ് നിർദിഷ്ട പദ്ധതി. പദ്ധതിയുടെ സാധ്യത പഠനം 2016ൽ സുപ്രീംകമ്മിറ്റി അംഗീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.