അമീർ കപ്പ് ഫുട്ബാൾ കിരീടം കുവൈത്ത് സ്പോർട്സ് ക്ലബിന്
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് സ്പോർട്സ് ക്ലബ് അമീർ കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ ജേതാക്കളായി. ഫൈനലിൽ ഖാദിസിയയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അവർ കീഴടക്കിയത്. മൊറോക്കൻ മുന്നേറ്റനിര താരം യാസീൻ സൽഹി 14ാം മിനിറ്റിൽ വിജയഗോൾ നേടി. ഗോൾ മടക്കാൻ ഖാദിസിയ കിണഞ്ഞുശ്രമിച്ചെങ്കിലും വിജയംകണ്ടില്ല. 29ാം മിനിറ്റിൽ ഈദ് അൽ റഷീദിയുടെ ഷോട്ട് സൈഡ്ബാറിൽ തട്ടി മടങ്ങിയപ്പോൾ ഭാഗ്യം ഖാദിസിയക്കൊപ്പമല്ലെന്ന് തോന്നി. അതുപോലെതന്നെ സംഭവിച്ചു. നിറഞ്ഞ ഗാലറിയെ സാക്ഷിനിർത്തി വീറുറ്റ പോരാട്ടമാണ് ഇരുടീമുകളും കാഴ്ചവെച്ചത്. തുടക്കം മുതൽ തന്നെ പന്ത് ഇരുഭാഗത്തേക്കും കയറിയിറങ്ങി കരുത്തുറ്റ പ്രതിരോധക്കോട്ടയിൽ തട്ടി മടങ്ങി. ഗോൾ നേടിയതോടെ കുവൈത്ത് സ്പോർട്സ് ക്ലബ് കോട്ട കനപ്പിച്ചു.
എപ്പോൾ വേണമെങ്കിലും ഗോൾ തിരിച്ചടിക്കാമെന്ന് തോന്നിപ്പിച്ച് ഖാദിസിയ തുടരെ ആക്രമിച്ചു. കൗണ്ടർ അറ്റാക്കിലൂടെ ലീഡുയർത്താൻ കുവൈത്ത് ഫുട്ബാൾ ക്ലബും ശ്രമിച്ചു. എന്നാൽ, സ്കോർനിലയിൽ മാറ്റമുണ്ടായില്ല. അവസാന വിസിൽ മുഴങ്ങിയതോടെ ക്ലബ് താരങ്ങൾ ആഹ്ലാദാരവം മുഴക്കി. അമീറിെൻറ പ്രതിനിധിയായി കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ജേതാക്കൾക്ക് ട്രോഫി കൈമാറി. കായികമന്ത്രി അബ്ദുറഹ്മാൻ അൽ മുതൈരി, പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം, സ്പോർട്സ് പബ്ലിക് അതോറിറ്റി മേധാവി ഹമ്മൂദ് ഫുലൈതീഹ്, കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് ശൈഖ് അഹ്മദ് അൽ യൂസുഫ് തുടങ്ങിയവർ സംബന്ധിച്ചു. വിജയികളെ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് അനുമോദിച്ചു. ഇതോടെ അമീർ കപ്പിൽ കുവൈത്ത് സ്പോർട്സ് ക്ലബിെൻറ കിരീടനേട്ടം 15 ആയി. ടൂർണമെൻറിെൻറ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ കപ്പ് നേടിയിട്ടുള്ളത് അൽ അറബിയും ഖാദിസിയയും ആണ്. 16 തവണ വീതം ഖാദിസിയയും അൽ അറബിയും ജേതാക്കളായിട്ടുണ്ട്. കുവൈത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര കായികമേളകളിലൊന്നാണ് അമീർ കപ്പ് ഫുട്ബാൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.