കുവൈത്ത് സ്പോർട്സ് ഡേ; ആവേശം തീർത്ത് പ്രധാനമന്ത്രിയും
text_fields‘കുവൈത്ത് സ്പോർട്സ് ഡേ’യിൽ മത്സരിക്കുന്നവർ
കുവൈത്ത് സിറ്റി: കുവൈത്ത് സ്പോർട്സ് ദിനത്തിന്റെ ആദ്യ പതിപ്പിന് ഗംഭീര തുടക്കം. ശനിയാഴ്ച ജാബിർ ബ്രിഡ്ജിൽ നടന്ന സ്പോർട്സ് ഡേയിൽ 13,000ലേറെ പേർ പങ്കാളികളായി. പബ്ലിക്ക് സ്പോർട്സ് അതോറിറ്റിയാണ് സ്പോർട്സ് ഡേ സംഘടിപ്പിച്ചത്. അഞ്ച് കിലോമീറ്റർ റേസ്-വാക്കിങ്, 15 കിലോമീറ്റർ സൈക്കിൾ റേസ് എന്നിവയിൽ വലിയ പങ്കാളിത്തമുണ്ടായി. സ്പോർട്സ് ദിനത്തിൽ ആവേശം തീർത്ത് പ്രധാനമന്ത്രി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹും സൈക്കിളുമായെത്തി. പരിപാടിയിൽ പങ്കാളിയായി പ്രധാനമന്ത്രി മറ്റുള്ളവർക്ക് പ്രചോദനവും നൽകി. വ്യായാമത്തിന്റെ ആവശ്യകത ഉണർത്തിയ പ്രധാനമന്ത്രി പരിപാടിയിൽ പങ്കാളികളായവരെ അഭിനന്ദിച്ചു.
കൂട്ടായ പ്രവർത്തനം വർധിപ്പിക്കുന്നതിനും മനുഷ്യന്റെ ആരോഗ്യത്തെ ഗുണപരമായി പരിവർത്തിപ്പിക്കുന്നതിനും സ്പോർട്സ് വലിയ സംഭാവനകൾ നൽകുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. എല്ലാ മത്സരങ്ങളിലും പ്രത്യേക പരിഗണന അർഹിക്കുന്നവരുടെ പങ്കാളിത്തവും പ്രധാനമന്ത്രി ശ്രദ്ധിച്ചു. ഇത് കുവൈത്ത് ജനതയുടെ ഇച്ഛാശക്തിയെയും അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ദൃഢനിശ്ചയത്തെയും സൂചിപ്പിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി. പാലത്തിന്റെ തുടക്കത്തിൽ നിന്നാണ് മത്സരങ്ങൾ ആരംഭിച്ചത്. ടെന്നിസ് ടേബിൾ, ബേബി ഫൂട്ട് ഗെയിമുകൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ, ഗാനങ്ങൾ ആലപിക്കുന്ന തിയറ്റർ, ഭക്ഷണവും കാപ്പിയും നൽകുന്ന ബൂത്തുകൾ എന്നിവ അടങ്ങിയ സ്പോർട്സ് ഗ്രാമം തെക്കൻ ദ്വീപിൽ ഒരുക്കിയിരുന്നു. പരിപാടിയിലെ ജനപങ്കാളിത്തം ഇതിന്റെ വിജയത്തെ സൂചിപ്പിക്കുന്നുവെന്ന് പബ്ലിക്ക് സ്പോർട്സ് അതോറിറ്റി ഡയറക്ടർ ജനറൽ യൂസഫ് അൽ ബ്ദിയാൻ പറഞ്ഞു. 1,400 വിദ്യാർഥികളുമായി വിദ്യാഭ്യാസ മന്ത്രാലയം സ്പോർട്സ് ഡേയുടെ ഭാഗമായതായി വിദ്യാഭ്യാസ വികസന പ്രവർത്തനങ്ങൾക്കായുള്ള അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മറിയം അൽ എനെസി പറഞ്ഞു.
‘കുവൈത്ത് സ്പോർട്സ് ഡേ’യിൽ പ്രധാനമന്ത്രി ശൈഖ് ഡോ.മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് സൈക്കിളിൽ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.