ആഘോഷമായി കുവൈത്ത് ‘സ്പോർട്സ് ഡേ’
text_fieldsമുൻ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് സൈക്കിളുമായി മത്സരത്തിൽ
കുവൈത്ത് സിറ്റി: മാരത്തണും സൈക്ലിങ്ങും മറ്റു വൈവിധ്യമാർന്ന കലാ-കായിക പരിപാടികളുമായി രണ്ടാമത് കുവൈത്ത് ‘സ്പോർട്സ് ഡേ’. ശൈഖ് ജാബിർ പാലത്തിൽ നടന്ന സ്പോർട്സ് ഡേയിൽ സ്വദേശികളും മലയാളികളുമടക്കം 21,000 പേർ പങ്കാളികളായി.
വാർത്താവിനിമയ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽറഹ്മാൻ അൽ മുതൈരി മത്സരം ഉദ്ഘാടനം ചെയ്തു. സ്പോർട്സ് പരിശീലിക്കുന്നതിന് സുരക്ഷിതവും ഉചിതവുമായ അന്തരീക്ഷം നൽകുന്നതിനുള്ള പ്രതിബദ്ധതയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അൽ മുതൈരി പറഞ്ഞു. മുൻ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് തുടർച്ചയായ രണ്ടാം വർഷവും സൈക്ലിങ്ങ് മത്സരത്തിൽ പങ്കെടുത്തു.
കുവൈത്ത് സ്പോർട്സ് ഫെഡറേഷൻ പ്രസിഡന്റ് മഹ്മൂദ് ആബേൽ, മുൻ മന്ത്രി ദാവൂദ് മറാഫി എന്നിവരും പരിപാടിയിൽ എത്തി. അഞ്ചു കിലോമീറ്റർ നടത്തം, 20 കിലോമീറ്റർ ബൈക്ക് റേസ്, സംഗീത വിനോദ പരിപാടികൾ എന്നിവയും സംഘടിപ്പിച്ചു. സ്പോർട്സ് ഡേയുടെ ഭാഗമായി കുവൈത്ത് ഒളിമ്പിക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ വിവിധ കായിക പരിപാടികളും സംഘടിപ്പിക്കും. യുവജന കായിക വിനോദങ്ങളെ പിന്തുണക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആഘോഷം. മാരത്തണിനുള്ള രജിസ്ട്രേഷൻ ‘ഹയാകോം’ പ്ലാറ്റ്ഫോം വഴി പൂർത്തിയാക്കിയിരുന്നു. ഇവർക്ക് ടി ഷർട്ടും തൊപ്പിയും അടക്കമുള്ള കിറ്റും മത്സരം പൂർത്തിയാക്കിയവർക്ക് മെഡലും കൈമാറി. മലയാളികളും പ്രവാസികളും അടക്കമുള്ളവരുടെ വ്യാപകമായ പങ്കാളിത്തം പരിപാടികളുടെ മാറ്റു കൂട്ടി.
കഴിഞ്ഞ വർഷമാണ് കുവൈത്ത് ‘സ്പോർട്സ് ഡേ’ക്ക് തുടക്കമിട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.