ഗസ്സയിലേക്കുള്ള വൈദ്യുതി വിച്ഛേദനം: അന്താരാഷ്ട്ര സമൂഹം ഇടപെടണം
text_fieldsകുവൈത്ത് സിറ്റി: ഗസ്സയെ ഇരുട്ടിലാഴ്ത്തി വൈദ്യുതി വിച്ഛേദിച്ച ഇസ്രായേൽ നടപടിയെ ശക്തമായി അപലപിച്ച് കുവൈത്ത്. ഇസ്രായേൽ അധിനിവേശ സേനയുടെ തുടർച്ചയായ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടിയ കുവൈത്ത് ഗസ്സയിലെ വൈദ്യുതി വിച്ഛേദിച്ചതും അടിസ്ഥാന അവകാശങ്ങളുടെ ലംഘനവും ഇതിൽ ഏറ്റവും പുതിയതാണെന്നും സൂചിപ്പിച്ചു. വിഷയത്തിൽ ഉടനടി ഇടപെടാൻ അന്താരാഷ്ട്ര സമൂഹത്തോടും യു.എൻ സുരക്ഷാ കൗൺസിലിനോടും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഇസ്രായേൽ അധിനിവേശ സേനയുടെ ലംഘനങ്ങൾ അവസാനിപ്പിക്കാനും ഗസ്സയിൽ മാനുഷിക സഹായങ്ങൾ അനുവദിക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് ഗസ്സയിലേക്കുള്ള വൈദ്യുതി വിതരണം ഇസ്രായേൽ വിച്ഛേദിച്ചത്. ഇതിനെ തുടർന്ന് ഗസ്സ ഇരുട്ടിലമരുകയും കുടിവെള്ളം ഉൽപാദിപ്പിക്കുന്ന പ്ലാന്റിനെ ബാധിക്കുകയും ചെയ്തിരുന്നു. ഇസ്രായേലിന്റെ ‘പട്ടിണി നയത്തിന്റെ’ ഭാഗമാണ് ഈ നീക്കമെന്നാണ് ആരോപണം.
സിറിയ: പുതിയ കരാറിനെ സ്വാഗതം ചെയ്തു
കുവൈത്ത് സിറ്റി: വടക്കുകിഴക്കൻ സിറിയയിലെ എല്ലാ സിവിൽ, സൈനിക സ്ഥാപനങ്ങളെയും സിറിയൻ ഭരണകൂടത്തിലേക്ക് സംയോജിപ്പിക്കാനുള്ള കരാറിനെ കുവൈത്ത് സ്വാഗതം ചെയ്തു. രാജ്യത്തെയും അതിന്റെ സ്ഥാപനങ്ങളെയും പുനർനിർമ്മിക്കുന്നതിനും സിറിയൻ അറബ് റിപ്പബ്ലിക്കിൽ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളിലെ ഒരു സുപ്രധാന ചുവടുവെപ്പായും ഇതിനെ കണക്കാക്കുന്നു.
സിറിയയുടെ പരമാധികാരം, സ്വാതന്ത്ര്യം, ഐക്യം, പ്രദേശിക സമഗ്രത എന്നിവയെ പിന്തുണക്കുന്ന കുവൈത്തിന്റെ നിലപാടും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.