കുവൈത്ത്: ഫലസ്തീന്റെ സ്വയം നിർണയത്തിനു പിന്തുണ
text_fieldsകുവൈത്ത് സിറ്റി: ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശത്തെയും സ്വതന്ത്ര രാഷ്ട്രത്തെയും നിശ്ചയദാർഢ്യത്തോടെ പിന്തുണക്കുന്നതായി കുവൈത്ത് മനുഷ്യാവകാശ ഡെപ്യൂട്ടി അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി സാദ് അൽ മുഹൈനി.
നാഷനൽ ദിവാൻ ഓഫ് ഹ്യൂമൻ റൈറ്റ്സും കുവൈത്ത് യൂനിവേഴ്സിറ്റി ഗൾഫ് ആൻഡ് അറേബ്യൻ പെനിൻസുല സ്റ്റഡീസിന്റെ സെന്റർ ഫോർ ഗൾഫ് ആൻഡ് അറേബ്യൻ പെനിൻസുല സ്റ്റഡീസും ചേർന്ന് സംഘടിപ്പിച്ച ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ചാണ് ഫോറം സംഘടിപ്പിച്ചത്.
യു.എൻ മനുഷ്യാവകാശ കൗൺസിലിലെ (എച്ച്.ആർ.സി) അംഗത്വത്തിലൂടെ കുവൈത്ത് ഫലസ്തീൻ വിഷയത്തിന് പ്രഥമ പരിഗണന നൽകുമെന്നും രാഷ്ട്രീയവത്ക്കരിക്കപ്പെട്ട അറബ്, മുസ്ലീം, സൗഹൃദ രാജ്യങ്ങളെ പ്രതിരോധിക്കാൻ ശ്രമിക്കുമെന്നും അൽ മുഹൈനി പറഞ്ഞു.
വംശഹത്യകളും യുദ്ധക്കുറ്റങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന ഗസ്സയിലെ ക്രൂരമായ സയണിസ്റ്റ് ആക്രമണത്തെയും നാഷനൽ ദിവാൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ചെയർമാൻ ജാസിം അൽ മുബാർകി അപലപിച്ചു. മനുഷ്യാവകാശ സങ്കൽപങ്ങളും നിർവചനങ്ങളും ചില രാജ്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും ഇഷ്ടങ്ങൾക്കും താൽപര്യങ്ങൾക്കും അനുസരിച്ചാണെന്ന് കുവൈത്ത് യൂനിവേഴ്സിറ്റി സെന്റർ ഫോർ ഗൾഫ് ആൻഡ് അറേബ്യൻ പെനിൻസുല സ്റ്റഡീസ് ഡയറക്ടർ യാക്കൂബ് അൽ കന്ദരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.