ഫലസ്തീന് പൂർണ പിന്തുണയുമായി കുവൈത്ത്
text_fieldsഇസ്രായേൽ ആക്രമണത്തിൽ തകർന്ന കെട്ടിടം
കുവൈത്ത് സിറ്റി: ഫലസ്തീനിൽ കടന്നുകയറിയുള്ള ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണങ്ങളിൽ നിന്നും കുറ്റകൃത്യങ്ങളിൽ നിന്നും ഫലസ്തീനികളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കുവൈത്ത്. ഫലസ്തീൻ ജനതയുടെ സംരക്ഷണത്തിനായി അന്താരാഷ്ട്ര സമൂഹവും സംഘടനകളും അവരുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കണമെന്നും അറബ് ലീഗിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി അംബാസഡർ തലാൽ അൽ മുതൈരി ആവശ്യപ്പെട്ടു.
ഫലസ്തീനിലെ പുതിയ സംഭവവികാസം ചർച്ചചെയ്യുന്നതിനായി ചേർന്ന അറബ് ലീഗ് കൗൺസിലിന്റെ അസാധാരണ യോഗത്തോടനുബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുന്നതിൽ വെടിനിർത്തൽ കരാറിലെ മധ്യസ്ഥർക്ക് പ്രധാന പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ നടത്തുന്ന നഗ്നമായ നിയമലംഘനങ്ങളെയും സിവിലിയന്മാർക്കെതിരായ ബോംബാക്രമണത്തെയും അപലപിച്ചു കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയിട്ടുണ്ടെന്നും ഇസ്രായേൽ അധിനിവേശത്തിനെതിരെ നടപടിയെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും തലാൽ അൽ മുതൈരി സൂചിപ്പിച്ചു.
ഫലസ്തീൻ ജനതക്കും അവരുടെ അവകാശങ്ങൾക്കും രാഷ്ട്രീയവും സാമ്പത്തികവുമായ പിന്തുണ നൽകാൻ കുവൈത്ത് എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.