ലിബിയയിലെ യു.എൻ ദൗത്യത്തിനു കുവൈത്ത് പിന്തുണ
text_fieldsകുവൈത്ത് സിറ്റി: ലിബിയയിൽ ഐക്യരാഷ്ട്രസഭയുടെ ‘സപ്പോർട്ട് മിഷൻ’ (യു.എൻ.എസ്.എം.ഐ.എൽ) വഹിക്കുന്നത് സുപ്രധാന പങ്കാണെന്ന് ലിബിയയിലെ കുവൈത്ത് അംബാസഡർ സിയാദ് അൽ മിഷാൻ വ്യക്തമാക്കി. ഇതിന് കുവൈത്തിന്റെ എല്ലാ പിന്തുണയും അദ്ദേഹം അറിയിച്ചു.
യു.എൻ സെക്രട്ടറി ജനറലിന്റെ ലിബിയയുടെ പ്രത്യേക പ്രതിനിധിയും യു.എൻ.എസ്.എം.ഐ.എൽ തലവനുമായ അബ്ദുൽ ബാത്തിലിയുമായി തൂനിസിൽ കുവൈത്ത് അംബാസഡർ കൂടിക്കാഴ്ച നടത്തി. കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹിന്റെ ആശംസ അദ്ദേഹം ബാത്തിലിയെ അറിയിച്ചു.
ലിബിയയിൽ പൊതുതെരഞ്ഞെടുപ്പ് സുഗമമാക്കുന്നതിനും പ്രാദേശിക ഐക്യവും പരമാധികാരവും സംരക്ഷിക്കുന്നതിനും യു.എൻ.എസ്.എം.ഐ.എൽ കഠിനശ്രമങ്ങൾ നടത്തുന്നതായി സിയാദ് അൽ മിഷാൻ പറഞ്ഞു.
ലിബിയയിൽ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും സമാധാനത്തിനായുള്ള ലിബിയൻ ജനതയുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുമുള്ള എല്ലാ ശ്രമങ്ങളോടും കുവൈത്തിന്റെ പിന്തുണ അദ്ദേഹം ആവർത്തിച്ചു. ലിബിയക്ക് വികസനവും സമൃദ്ധിയും അദ്ദേഹം നേർന്നു.
ബാത്തിലിയുമായുള്ള ചർച്ചയിൽ ലിബിയയിലെ രാഷ്ട്രീയ, സുരക്ഷ സാഹചര്യങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും പ്രസിഡന്റ്, നിയമസഭ തെരഞ്ഞെടുപ്പുകൾ നടത്തുന്നതിനുള്ള പുരോഗതിയെക്കുറിച്ചും അന്വേഷിച്ചതായും സിയാദ് അൽ മിഷാൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.