കുവൈത്ത്: കാലാവസ്ഥ മാറുന്നു; ജാഗ്രത പാലിക്കാം
text_fieldsകുവൈത്ത് സിറ്റി: കൊടും ചൂടിൽനിന്ന് രാജ്യം തണുപ്പുകാലത്തിലേക്കുള്ള മാറ്റം പ്രകടമാക്കിത്തുടങ്ങി. കാലാവസഥ മാറ്റത്തിന്റെ മുന്നോടിയായി വ്യാഴാഴ്ച അന്തരീക്ഷത്തിൽ മാറ്റങ്ങൾ പ്രത്യക്ഷപ്പെട്ടു. വ്യാഴാഴ്ച രാജ്യത്താകമാനം ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. ഉയർന്നുപൊങ്ങിയ പൊടിക്കാറ്റ് കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും തടസ്സം സൃഷ്ടിച്ചു. മൈതാനങ്ങളിൽ നിർത്തിയിട്ട വാഹനങ്ങൾ പലതും പൊടിയിൽ മുങ്ങി. പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ തങ്ങുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് നിർദേശിച്ചു. ആസ്ത്മ, അലർജി തുടങ്ങിയ പ്രശ്നങ്ങളുള്ളവർ പുറത്തിറങ്ങുന്നത് ഒഴിവാക്കണം.
വരുംദിവസങ്ങളിലും ഈ പ്രതിഭാസം തുടരാനും ചാറ്റൽ മഴക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തില്‍ കാറ്റ് വീശാം.ദൂരക്കാഴ്ച മങ്ങുമെന്നതിനാൽ ഹൈവേകൾ ഉൾപ്പെടെ പ്രധാന റോഡുകളിൽ വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കണം. അടിയന്തര സാഹചര്യം ഉണ്ടായാൽ 112 എന്ന നമ്പറിൽ വിളിക്കണമെന്ന് ഫയർഫോഴ്സ് അറിയിച്ചു.
രാജ്യത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകൻ ഇസ റമദാൻ നേരത്തെ അറിയിച്ചിരുന്നു. വ്യാഴാഴ്ച പകൽ മഴ ഒഴിഞ്ഞുനിന്നെങ്കിലും വെള്ളിയാഴ്ചയിലെ സാധ്യത ഒഴിഞ്ഞിട്ടില്ല. അതേസമയം, ഈ ആഴ്ചയോടെ താപനില കുറയുമെന്നും ശൈത്യകാലം ആരംഭിക്കുമെന്നും ഇസ റമദാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.