ഊർജ മേഖലയിൽ കുതിച്ചുചാട്ടത്തിന് കുവൈത്ത്; 300 ബില്യൺ ഡോളർ നിക്ഷേപിക്കും
text_fieldsകുവൈത്ത് സിറ്റി: ഊർജ മേഖലയിൽ വൻ നിക്ഷേപമിറക്കി നേട്ടം കൊയ്യാനൊരുങ്ങി രാജ്യം. 300 ബില്യൺ ഡോളറിലധികം ഊർജ മേഖലയിൽ നിക്ഷേപിക്കുമെന്ന് ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ഡോ. സാദ് അൽ ബറാക്ക് വ്യക്തമാക്കി.2040 വരെയുള്ള ദീർഘകാലത്തേക്കാണ് ഇത്രയും തുക ഊർജ മേഖലയിൽ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതെന്നും ഡോ. സാദ് അൽ ബറാക്ക് പറഞ്ഞു.
വിയന്നയിൽ ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിങ് രാജ്യങ്ങളുടെ (ഒപെക്) എട്ടാമത് അന്താരാഷ്ട്ര സിമ്പോസിയത്തിന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് അൽ ബറാക്ക് ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.ആഗോള ഊർജ വിപണിയിൽ പ്രതിവർഷം 500 ബില്യൺ ഡോളർ ആവശ്യമാണെങ്കിലും 60 ശതമാനം മാത്രമാണ് നിക്ഷേപമായി ലഭിക്കുന്നത്. വിപണിയിൽ 40 ശതമാനത്തിലധികം വിടവ് ഉണ്ടെന്നാണ് ഇത് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിപണി ആവശ്യങ്ങൾക്കനുസരിച്ച് എണ്ണ ഉൽപാദനം നിയന്ത്രിക്കുന്നതിനും, വില ക്രമപ്പെടുത്തുന്നതിനും കുവൈത്ത് നിരവധി ത്യാഗങ്ങൾ സഹിച്ചതായി സാദ് അൽ ബറാക്ക് പറഞ്ഞു. കാർബൺ പുറന്തള്ളൽ ഒഴിവാക്കാനുള്ള കുവൈത്തിന്റെ പ്രതിബദ്ധത ചൂണ്ടിക്കാട്ടിയ മന്ത്രി, ഈ മേഖലയില്‍ രാജ്യം ഒട്ടേറെ മുന്നേറിയതായി അറിയിച്ചു.
2035ഓടെ കാർബൺ പുറന്തള്ളൽ 7.4 ശതമാനമാക്കുമെന്ന് ഗ്ലാസ്ഗോവിലെ യു.എൻ കാലാവസ്ഥ ഉച്ചകോടിയിൽ കുവൈത്ത് ഉറപ്പുനൽകിയിരുന്നു. ഒപെകിലെ കുവൈത്തിന്റെ സജീവ പങ്കാളിത്തത്തെ ഒപെക് സെക്രട്ടറി ജനറൽ ഹൈതം അൽ ഗൈസ് പ്രശംസിച്ചു.2045ഓടെ 12 ട്രില്യൺ യു.എസ് ഡോളറിന്റെ ഊർജ നിക്ഷേപം ആവശ്യമാണ്. ഊർജപ്രതിസന്ധി ഒരു പരിഹാരത്തിലൂടെ മാത്രം പരിഹരിക്കാനാവില്ലെന്നും ഊർജ ഉപയോഗത്തിൽ ക്രമാനുഗതമായ പരിവർത്തനത്തെക്കുറിച്ചാണ് ലോകം സംസാരിക്കുന്നതെന്നും അൽ ഗൈസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.