സ്വീഡനിൽ കുവൈത്ത് ഖുർആൻ വിതരണം ചെയ്യും
text_fieldsകുവൈത്ത് സിറ്റി: സ്വീഡനിൽ ഒരുലക്ഷം കോപ്പി ഖുർആൻ വിതരണം ചെയ്യാൻ ഒരുങ്ങി കുവൈത്ത്. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന പ്രതിവാര മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.
സ്വീഡിഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്തവയാണ് വിതരണം ചെയ്യുക. ഇസ്ലാം, ഖുർആൻ എന്നിവയെക്കുറിച്ച് സ്വീഡനിലെ ആളുകൾക്ക് നേരിട്ടുള്ള അറിവ് ലഭിക്കുന്നതിനു വേണ്ടിയാണ് ഈ നീക്കം. ഇസ്ലാമിക മൂല്യങ്ങളും, സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും പാഠങ്ങൾ പകരാനും, വിവിധ വിശ്വാസങ്ങളുള്ള ആളുകൾ തമ്മിൽ സമാധാനപരമായ സഹവർത്തിത്വം പ്രോത്സാഹിപ്പിക്കാനും, തീവ്രവാദത്തെയും വിദ്വേഷത്തെയും ചെറുക്കാനും ഇതു സഹായിക്കുമെന്നാണ് പ്രതീക്ഷ.
ഖുർആൻ അച്ചടിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനുമുള്ള ചുമതല പബ്ലിക് അതോറിറ്റി ഫോർ പബ്ലിക് കെയറിനെ ഏൽപിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് ഖുർആൻ കോപ്പികൾ സ്വീഡനിൽ വിതരണം ചെയ്യുക. സ്വീഡനിൽ തീവ്രവലതുപക്ഷക്കാര്‍ ഖുർആനെ അവഹേളിക്കുന്നതും പകർപ്പുകൾ കത്തിക്കുന്നതും അടുത്തിടെ പതിവായിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് കുവൈത്തിന്റെ ഇടപെടൽ. ഖുർആന്‍ പകർപ്പ് കത്തിച്ചതില്‍ കുവൈത്ത് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.