തെരഞ്ഞെടുപ്പ് കമീഷൻ നിയമം അന്തിമരൂപത്തിലേക്ക്
text_fieldsകുവൈത്ത് സിറ്റി: സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പു വരുത്തൽ ലക്ഷ്യമിട്ട് സ്വതന്ത്ര തെരഞ്ഞെടുപ്പ് കമീഷൻ രൂപവത്കരിക്കുന്നതിനുള്ള കരട് നിയമം, ദേശീയ അസംബ്ലിയുടെ നിയമനിർമാണ സമിതി ചർച്ചചെയ്തു. അടുത്ത ദിവസം കൂടുന്ന സമിതി യോഗത്തില്‍ ഇതുസംബന്ധമായ വോട്ടെടുപ്പ് ഉണ്ടാകുമെന്ന് പാര്‍ലമെന്റ് അംഗം ഹിഷാം അൽ സാലഹ് പറഞ്ഞു.
കമ്മിറ്റിയില്‍ സിവിൽ സൊസൈറ്റികളുടെ പ്രതിനിധികൾക്ക് പുറമെ ജുഡീഷ്യൽ, ലെജിസ്ലേറ്റിവ്, എക്സിക്യൂട്ടിവ് അതോറിറ്റികളിൽ നിന്നുള്ള ഏഴ് പ്രതിനിധികൾ ഉൾപ്പെടുമെന്ന് കരട് നിയമനിർമാണത്തിൽ നിർദേശിക്കുന്നു. കരട് നിയമത്തിന്റെ നിയമസാധുതയാണ് സമിതി പരിശോധിക്കുന്നത്. തുടര്‍ന്ന് ആഭ്യന്തര, പ്രതിരോധ സമിതി ബില്ലിന് അന്തിമ അനുമതി നൽകും. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ കമീഷൻ രൂപവത്കരിക്കുന്നതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അൽ സാലഹ് പറഞ്ഞു.
രാജ്യത്ത് നിലനിൽക്കുന്ന രാഷ്ട്രീയപ്രതിസന്ധിയിൽനിന്ന് കരകയറാൻ നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തണമെന്ന് സ്പീക്കർ മർസൂഖ് അൽഗാനം വ്യക്തമാക്കി. സുതാര്യമായ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാൻ ഉന്നത തെരഞ്ഞെടുപ്പ് കമീഷനെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാര്‍ലമെന്റ് ഇന്റീരിയർ ആൻഡ് ഡിഫൻസ് കമ്മിറ്റി തലവൻ സാദൂൻ ഹമ്മാദ് കരട് നിയമത്തിന്റെ പകര്‍പ്പ് നിയമ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ സമിതി ആഗ്രഹിക്കുന്നതായും സാദൂൻ ഹമ്മാദ് പറഞ്ഞു. തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളിലും വോട്ടെണ്ണൽ സമയത്തും സ്ഥാനാർഥികൾക്ക് പ്രതിനിധികൾ ഉണ്ടെന്ന് ഉറപ്പാക്കും. തെരഞ്ഞെടുപ്പ് പ്രക്രിയ നിരീക്ഷിക്കാൻ വോട്ടിങ് സഥലത്ത് സ്ഥാനാർഥി പ്രതിനിധികൾക്ക് പ്രവേശനം നൽകുന്നതും നിയമത്തിൽ ഉറപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, പുതിയ സർക്കാർ രൂപവത്കരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ ദിവസം കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് സ്പീക്കർ മർസൂഖ് അൽ ഗാനം, ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.