പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താൻ കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താൻ നടപടികളുമായി കുവൈത്ത് പബ്ലിക് ട്രാൻസ്പോർട്ട് കമ്പനി. സേവനം മെച്ചപ്പെടുത്താനും വരുമാനം കൂട്ടാനുമുള്ള ഏഴിന നിർദേശങ്ങൾ ജനറൽ ഇൻവെസ്റ്റ്മെൻറ് അതോറിറ്റിക്ക് സമർപ്പിച്ചു. കമ്പനിയുടെ നിയമാവലിയിൽ ആവശ്യമായ ഭേദഗതികൾ വരുത്താനും അധികൃതർ തീരുമാനിച്ചു.
സേവനങ്ങൾ മെച്ചപ്പെടുത്തി വരുമാനം വർധിപ്പിക്കുക, നഷ്ടത്തിലോടുന്ന കമ്പനിക്ക് പുതുജീവൻ നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഏഴിന നിർദേശങ്ങൾ കെ.പി.ടി.സി മാനേജ്മെൻറ് പൊതുനിക്ഷേപ അതോറിറ്റിക്ക് സമർപ്പിച്ചത്. വായ്പാ അനുപാതം കൂട്ടണമെന്നതാണ് ഒന്നാമത്തെ നിർദേശം. നിലവിലെ അനുപാതപ്രകാരം കമ്പനിയുടെ മൊത്തം മൂലധനത്തിെൻറ 50 ശതമാനം ആണ് വായ്പ എടുക്കാൻ സാധിക്കുന്നത്. ഇത് 75 ശതമാനമാക്കി ഉയർത്തണമെന്നാണ് ആവശ്യം.
നഷ്ടം നികത്താൻ ആവശ്യമായ ഉദാരനടപടികൾ സ്വീകരിക്കുക, ഒന്നിലധികം ചീഫ് എക്സിക്യൂട്ടിവുമാരെ നിയമിക്കൽ, പരസ്യവരുമാനം വർധിപ്പിക്കൽ, വാഹനങ്ങളുടെ സാങ്കേതിക പരിശോധന, പഴയ വാഹനങ്ങൾ സ്ക്രാപ് ചെയ്യൽ എന്നിവ കമ്പനിയുടെ പ്രവർത്തനമേഖലയിൽ ഉൾപ്പെടുത്തുക. വാഹനങ്ങളുടെ ഭംഗി വർധിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ, ഉപകരണങ്ങൾ എന്നിവ സജ്ജമാക്കുക തുടങ്ങിയവയാണ് നിർദേശങ്ങൾ. നിർദേശങ്ങൾ നടപ്പാക്കുന്നതിനായി കമ്പനി നിയമാവലിയിൽ ചില ഭേദഗതികൾ നടപ്പാക്കാനും ഡയറക്ടർ ബോർഡ് തീരുമാനിച്ചിട്ടുണ്ട്. പൊതുഗതാഗത രംഗത്തെ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയാണ് കുവൈത്ത് പബ്ലിക് ട്രാൻസ്പോർട്ട് കമ്പനി. ഒരുകാലത്ത് കുവൈത്ത് പ്രവാസികളുടെ ഏക പൊതുഗതാഗത മാർഗമായിരുന്നു കെ.പി.ടി.സി ബസുകൾ. പിന്നീട് സ്വകാര്യ കമ്പനികൾ ഈ രംഗത്തേക്ക് വന്നതോടെയാണ് കെ.പി.ടി.സിയുടെ പ്രതാപത്തിന് മങ്ങലേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.