കുവൈത്ത് കനത്ത ചൂടിലേക്ക്...
text_fieldsകുവൈത്ത് സിറ്റി: രാജ്യം കനത്ത ചൂടിലേക്ക്. വരും ദിവസങ്ങളിൽ ഇനിയും താപനില ഉയരുമെന്നാണ് വിലയിരുത്തൽ. ഈ ആഴ്ച 48 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നിരുന്നു. വരുന്ന ആഴ്ച പകലും രാത്രിയും ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. പൊടിപടലമുണ്ടാക്കുന്ന വടക്കുപടിഞ്ഞാറൻ കാറ്റും സജീവമാകും. രാജ്യത്ത് ജൂൺ ആദ്യവാരം മുതൽ ചൂട് കൂടിത്തുടങ്ങിയിട്ടുണ്ട്. ദിവസങ്ങൾക്കു മുമ്പ് 48 ഡിഗ്രി വരെ താപനില ഉയർന്നു.
കുറഞ്ഞ താപനില 32 ഡിഗ്രി സെൽഷ്യസിലേക്കും എത്തി. താപനില ഉയർന്നതോടെ രാത്രിയും കനത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ മേഖലയിൽ ഏറ്റവും ചൂട് അനുഭവപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്താണ് കുവൈത്ത്. കഴിഞ്ഞ ജൂണിൽ ലോകത്തിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ അഞ്ച് സ്ഥലങ്ങൾ കുവൈത്തിൽ അടയാളപ്പെടുത്തിയിരുന്നു.
ഉയർന്ന താപനില കണക്കിലെടുത്ത് ജൂൺ ഒന്നു മുതൽ ആഗസ്റ്റ് 31വരെ രാജ്യത്ത് പുറംജോലികൾക്ക് മാന്പവര് അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 11 മുതൽ വൈകീട്ട് നാലുവരെയാണ് നിയന്ത്രണം. നിയമം തെറ്റിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകും. തൊഴിലിടങ്ങൾ പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
തീപിടിത്തവും കൂടുന്നു
കുവൈത്ത് സിറ്റി: വേനൽ കടുത്തതോടെ രാജ്യത്ത് തീപിടിക്കുന്ന കേസുകൾ കൂടിയിട്ടുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കാനും സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിക്കാനും അധികൃതർ നിർദേശം നൽകി. അപകടങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ അഗ്നിരക്ഷ സേനയെ വിവരമറിയിക്കണം.
വ്യാഴാഴ്ച അർദിയ ഇൻഡസ്ട്രിയൽ ഏരിയയിലെ നിരവധി വെയർഹൗസുകളിൽ തീ പടർന്നത് ആശങ്കക്കിടയാക്കിയിരുന്നു. ഭക്ഷ്യവസ്തുക്കൾ, ഉപഭോഗവസ്തുക്കൾ, സ്പെയർപാർട്സ്, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ അടങ്ങിയ ഒന്നിലധികം ഗോഡൗണുകളിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച രാവിലെയുണ്ടായ തീപിടിത്തം ആറ് അഗ്നിശമന കേന്ദ്രങ്ങളിൽനിന്നുള്ള ജീവനക്കാരുടെ ശ്രമഫലമായാണ് നിയന്ത്രണവിധേയമാക്കിയത്.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹ്മദ് അസ്സബാഹ് ഫയർ സൈറ്റ് കമാൻഡറുമായി ആശയവിനിമയം നടത്തുകയും നിർദേശങ്ങൾ നൽകുകയും ചെയ്തു. തീപിടിത്തത്തിൽ കാര്യമായ പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് ഫയർഫോഴ്സ് അറിയിച്ചു. അപകടസ്ഥലത്ത് പൊലീസും അത്യാഹിത വിഭാഗവും എത്തിയിരുന്നു.
ചൂട് കൂടിയതോടെ കഴിഞ്ഞ ഒരാഴ്ചക്കിടെ ദിവസവും തീപിടിത്ത കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ദിവസങ്ങൾക്ക് മുമ്പ് വീട്ടിലുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചിരുന്നു. സാൽമിയയിൽ ടയർ കൂട്ടിയിടുന്നിടത്ത് വൻ തീപിടിത്തവും ഉണ്ടായി. ബുധനാഴ്ച വഫ്ര റോഡിൽ കാലിത്തീറ്റക്ക് തീപിടിച്ചത് അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രിച്ചു. വഫ്ര റോഡിലെ തുറസ്സായ സ്ഥലത്താണ് തീപിടിത്തമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.