ഫലസ്തീന്റെ സമ്പൂർണ യു.എൻ അംഗത്വത്തെ പിന്തുണക്കണമെന്ന് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: യു.എന്നിൽ പൂർണ അംഗത്വം ലഭിക്കാനുള്ള ഫലസ്തീന്റെ അഭ്യർഥനയെ പിന്തുണക്കാൻ അംഗരാജ്യങ്ങളോട് അഭ്യർഥിച്ചു കുവൈത്ത്. ന്യൂയോർക്കിൽ നടന്ന യു.എൻ ജനറൽ അസംബ്ലി യോഗത്തിൽ കുവൈത്ത് നയതന്ത്ര പ്രതിനിധി അബ്ദുൽ അസീസ് അൽ സഈദിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച യു.എൻ അംഗരാജ്യങ്ങളുടെ കടമയാണ് ഇത് മറ്റ് അംഗങ്ങളോട് ആവശ്യപ്പെടുകയെന്നത്. ഇസ്രായേൽ ഫലസ്തീനികൾക്കെതിരെ വംശഹത്യ തുടരുകയും അവരുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്നു. അധിനിവേശം വിപുലീകരിച്ച് ഇസ്രായേൽ ഫലസ്തീൻ മണ്ണിൽ അനധികൃത വാസസ്ഥലങ്ങൾ നിർമിക്കുന്നതിൽ കുവൈത്തിന്റെ ശക്തമായ എതിർപ്പും അദ്ദേഹം പ്രകടിപ്പിച്ചു. ഇത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി.നൂറുകണക്കിന് നിരപരാധികളായ സാധാരണക്കാരെ കൊന്നൊടുക്കിയ ലബനാനിലെ ഇസ്രായേൽ ആക്രമണത്തിലും കുവൈത്തിന്റെ ശക്തമായ വിയോജിപ്പ് അദ്ദേഹം പ്രകടിപ്പിച്ചു.
ഇസ്രായേൽ സേനയുടെ പിൻവാങ്ങലും ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കലും ഉൾപ്പെടുന്ന വെടിനിർത്തൽ പ്രമേയം നടപ്പിലാക്കാൻ യു.എൻ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു. ഫലസ്തീനിലും മേഖലയിലും സമാധാനം കൈവരിക്കാനുള്ള കുവൈത്ത് ഉൾപ്പെടെയുള്ള മേഖലയിലെ രാജ്യങ്ങളുടെ ശ്രമങ്ങൾ അദ്ദേഹം ചൂണ്ടികാട്ടി. വിഷയത്തിൽ ബഹ്റൈൻ, സൗദി അറേബ്യ, ഖത്തർ, ഈജിപ്ത്, യു.എസ് എന്നിവയുടെ ഇടപെടലുകൾ അബ്ദുൽ അസീസ് അൽ സഈദി സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.