മികച്ച നേട്ടം കരസ്ഥമാക്കി കുവൈത്ത് സർവകലാശാല
text_fieldsകുവൈത്ത് സിറ്റി: ക്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ്ങിൽ മികച്ച നേട്ടം കരസ്ഥമാക്കി കുവൈത്ത് സർവകലാശാല. ക്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ്ങിന്റെ ഏറ്റവും പുതിയ പട്ടികയിൽ ലോകത്തിലെ മികച്ച ആയിരം സർവകലാശാലകളിൽ കുവൈത്ത് സർവകലാശാല ഇടം നേടി. ഇത്തവണത്തെ റാങ്കിങ്ങിൽ 851ാം സ്ഥാനമാണ് കുവൈത്ത് സർവകലാശാലക്ക്.
അക്കാദമിക് രംഗത്തെ മികവ്, അധ്യാപക-വിദ്യാര്‍ഥി അനുപാതം, തൊഴിൽ വിപണിയിലെ യൂനിവേഴ്സിറ്റി പ്രശസ്തി, അക്കാദമിക് ഗവേഷണ പേപ്പറുകള്‍ തുടങ്ങി നിരവധി സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് റാങ്കിങ് തയാറാക്കുന്നത്. ക്യു.എസ് സ്ഥാപകനും സി.ഇ.ഒയുമായ നൻസിയോ ക്വാക്വറെല്ലിയാണ് റാങ്കിങ് പുറത്തുവിട്ടത്. പട്ടികയിൽ 2,900 സ്ഥാപനങ്ങളെയാണ് റാങ്ക് ചെയ്തത്.
വിദ്യാഭ്യാസ രംഗത്ത് രാജ്യം കൈവരിച്ച നേട്ടത്തിൽ വളരെയധികം സന്തോഷമുണ്ടെന്ന് സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രഫസർമാരും ഫാക്കല്‍റ്റികളും സർവകലാശാലയിലുണ്ട്. 37,000ഓളം വിദ്യാര്‍ഥികൾ സർവകലാശാലയില്‍ പഠിക്കുന്നു. ലോക സർവകലാശാലകളുടെ അക്കാദമിക് റാങ്കിങ് പ്രകാരം ആഗോളതലത്തിൽ മികച്ച യുനിവേഴ്സിറ്റികളുടെ പട്ടികയിലും നേരത്തെ കുവൈത്ത് സർവകലാശാല സ്ഥാനം പിടിച്ചിരുന്നു. വിഷന്‍-2035ന്റെ ഭാഗമായി വലിയ രീതിയിലുള്ള വികസന പദ്ധതികളാണ് കുവൈത്ത് യൂനിവേഴ്സിറ്റിയില്‍ നടന്നുകൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.