ലോക സർവകലാശാല റാങ്കിങ്ങിൽ കുവൈത്ത് സർവകലാശാലക്ക് മുന്നേറ്റം
text_fieldsകുവൈത്ത് സിറ്റി: ലോക സർവകലാശാല റാങ്കിങ്ങിൽ കുവൈത്ത് സർവകലാശാലക്ക് മുന്നേറ്റം. വാഷിങ്ടണിൽ നടന്ന കോൺഫറൻസിൽ പ്രഖ്യാപിച്ച പുതിയ ക്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ് 2025ൽ കുവൈത്ത് യൂനിവേഴ്സിറ്റിയുടെ റാങ്കിങ് ലോകത്തിലെ 5,663 യൂനിവേഴ്സിറ്റികളിൽ 801-850 ആയി ഉയർന്നു. ശാസ്ത്രീയ ഗവേഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തൽ, അക്കാദമിക് പ്രോഗ്രാമുകളുടെ തുടർച്ചയായ വികസനം, പ്രാദേശികമായും ആഗോളതലത്തിലും സാന്നിധ്യം എന്നിങ്ങനെയുള്ള സർവകലാശാലയുടെ മികവാണ് നേട്ടത്തിന് പിന്നിൽ.
ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ് മുതൽ എൻജിനീയറിങ്, ഹെൽത്ത്, മെഡിക്കൽ സയൻസസ് വരെയുള്ള വൈവിധ്യമാർന്ന സ്പെഷലൈസേഷനുകൾ പ്രദാനം ചെയ്യുന്ന ഏറ്റവും വലിയ പൊതു സർവകലാശാലയാണ് കുവൈത്ത് യൂനിവേഴ്സിറ്റി. കൂടുതൽ മികവിനും ലക്ഷ്യങ്ങളും അഭിലാഷങ്ങളും സ്വന്തമാക്കുന്ന നേട്ടങ്ങൾക്കുമായി പരിശ്രമിക്കുന്നതായും സർവകലാശാല ആക്ടിങ് പ്രസിഡന്റ് പ്രഫ. നവാഫ് അൽ മുതൈരി പറഞ്ഞു. അക്കാദമിക് പ്രശസ്തി, ഫാക്കൽറ്റി/വിദ്യാർഥി അനുപാതം, അന്താരാഷ്ട്ര ഫാക്കൽറ്റി അനുപാതം, അന്തർദേശീയ വിദ്യാർഥി അനുപാതം തുടങ്ങി വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിലയിരുത്തിയാണ് ക്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിങ് നിശ്ചയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.