ഇന്ത്യ-കുവൈത്ത് ബന്ധത്തിൽ വളർച്ചയുണ്ടാക്കും -അംബാസഡർ
text_fieldsകുവൈത്ത് സിറ്റി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈത്ത് സന്ദർശനം ഇന്ത്യ-കുവൈത്ത് ബന്ധങ്ങളെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക.
മൂന്ന് സുപ്രധാന വസ്തുതകളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനം വളരെ പ്രാധാന്യമർഹിക്കുന്നതാണ്. 43 വർഷത്തെ നീണ്ട ഇടവേളക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിലെത്തുന്നത് എന്നതാണ് അതിൽ ഒന്നാമത്. രണ്ടാമതായി, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ സന്ദർശിക്കാത്ത ഗൾഫ് മേഖലയിലെ ഒരേയൊരു രാജ്യം കുവൈത്താണ്. മൂന്നാമതായി, ഇരുവിഭാഗങ്ങൾക്കുമിടയിൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ആദ്യത്തെ ഉന്നതതല സന്ദർശനമാണിത്.
ഇതുകൊണ്ടെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈത്ത് സന്ദർശനം മികച്ച ഫലം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോ. ആദർശ് സ്വൈക പറഞ്ഞു. കുവൈത്തിൽ എ.എൻ.ഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം സുപ്രധാനമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. കുവൈത്തിന്റെ പ്രധാന വ്യാപാര പങ്കാളികളിൽ ഒന്നാണ് ഇന്ത്യയെന്നും അംബാസഡർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.