യമനിൽ കുവൈത്ത് സന്നദ്ധ സംഘടന കുടിവെള്ള പദ്ധതി ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: യമന് സഹായവുമായി കുവൈത്ത് സന്നദ്ധ സംഘടനയായ കുവൈത്ത് സൊസൈറ്റി ഫോർ റിലീഫ് (കെ.എസ്.ആർ). യമനിൽ കെ.എസ്.ആറിന്റെ നേതൃത്വത്തിൽ പ്രത്യേക കുടിവെള്ള പദ്ധതി ആരംഭിച്ചു. തെക്കുപടിഞ്ഞാറൻ യമനിലെ ടൈസ് നഗരത്തിലെ 3,00,000ലധികം നിവാസികൾക്ക് പ്രയോജനം ചെയ്യുന്നതാണ് പദ്ധതി.
പ്രതിദിനം നാലു ദശലക്ഷം ലിറ്റർ ഉൽപാദനശേഷിയുള്ള പദ്ധതി ജല-ശുചീകരണ പ്രാദേശിക അതോറിറ്റിക്ക് കൈമാറിയതായി യമനിലെ കെ.എസ്.ആർ ഓഫിസ് ഡെപ്യൂട്ടി ഡയറക്ടർ അഡെൽ ബാഗേഷ് പറഞ്ഞു. യമനിലെ എൻ.ജി.ഒയായ ഇസ്തിജാബ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
3,300 മീറ്റർ വരെ ആഴമുള്ള എട്ട് ജല കിണറുകൾ കുഴിക്കുന്നതാണ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് ഇസ്തിജാബ ഡയറക്ടർ താരീഖ് ലക്മാൻ പറഞ്ഞു. ജല-ശുചീകരണ അതോറിറ്റിയുടെ മേൽനോട്ടത്തിൽ നഗരത്തിലെ പ്രധാന ജല ശൃംഖലയുമായി പദ്ധതി ബന്ധിപ്പിക്കും.
ഹൂതി വിമതർ നഗരത്തിൽ നടത്തിയ ഉപരോധത്തിന്റെ ഫലമായുണ്ടായ ജലപ്രശ്നം പരിഹരിക്കാൻ പദ്ധതി പരമാവധി ഉപയോഗിക്കുമെന്ന് തൈസ് അതോറിറ്റി ഓഫിസ് ഡയറക്ടർ സമീർ അബ്ദുൽ വാഹിദ് പറഞ്ഞു. യമൻ ജനതയെ പിന്തുണയ്ക്കുന്ന നിലപാടിന് കുവൈത്ത് ഭരണകൂടത്തിനും, സർക്കാറിനും ജനങ്ങൾക്കും കെ.എസ്.ആറിനും അദ്ദേഹം നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.