കുവൈത്ത് വാക്കിങ് കമ്മിറ്റി നടത്തം തുടരുന്നു...
text_fieldsകുവൈത്ത് സിറ്റി: ദിവസത്തിനും ജീവിതത്തിനും നല്ല തുടക്കംനൽകി കുവൈത്ത് വാക്കിങ് കമ്മിറ്റി നടത്തം തുടരുന്നു. അൽ സാൽമിയ പാതയിലാണ് മുതിർന്ന പൗരന്മാരുടെ പതിവുനടത്തം. സൂര്യോദയത്തിന് മുമ്പേ ഒരുമിച്ചുകൂടുന്ന അംഗങ്ങൾ ദിവസം ചുരുങ്ങിയത് ഒമ്പത് കിലോമീറ്റർ നടക്കുന്നു. 60 മുതൽ 80 പിന്നിട്ടവർവരെ സംഘത്തിലുണ്ട്. നിയന്ത്രണങ്ങൾ പാലിക്കണമെന്നും മറ്റു കാൽനടക്കാരെ ശല്യപ്പെടുത്തുന്നതോ ശ്രദ്ധതിരിക്കുന്നതോ ആയ പ്രവൃത്തിയിൽനിന്ന് വിട്ടുനിൽക്കണമെന്നതും മാത്രമാണ് നിബന്ധന.
നടപ്പിനൊപ്പം മറ്റു ചെറുവ്യായാമത്തിലും ഇവർ ഏർപ്പെടുന്നു. ദിവസവും എട്ട് കിലോമീറ്റർ നടന്നിരുന്ന പരേതനായ ശൈഖ് ജാബിർ അൽ അലിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് 1980കളിലാണ് കുവൈത്ത് വാക്കിങ് കമ്മിറ്റി അനൗപചാരികമായി സ്ഥാപിതമായത്.2009ൽ കമ്മിറ്റി പുതിയ രൂപത്തിൽ പ്രഖ്യാപിക്കപ്പെട്ടു. 2020 ആഗസ്റ്റിൽ കുവൈത്ത് ഒളിമ്പിക് കമ്മിറ്റി ഈ കമ്മിറ്റിക്ക് അംഗീകാരം നൽകുകയായിരുന്നു.
'നടത്തം ജീവിതത്തിലേക്ക് ദിവസങ്ങൾ ചേർക്കുന്നില്ല, മറിച്ച് ദിവസങ്ങളിലേക്ക് ജീവൻ ചേർക്കുന്നു' എന്നതാണ് അംഗങ്ങളുടെ തത്ത്വം. രാവിലെയുള്ള നടപ്പുനൽകുന്ന ഊർജം ദിവസം മുഴുവനും ഇത്തരം ഒരുപാട് ദിവസം ജീവിതം മുഴുവനും ഉണർവ് നിലനിർത്തുമെന്നും രോഗങ്ങൾ വിട്ടകലുമെന്നും അംഗങ്ങൾ പറയുന്നു.അതേസമയം, മോട്ടോർ സൈക്കിൾ യാത്രക്കാർ പലപ്പോഴും പാത ഉപയോഗിക്കുന്നതും അമിത വേഗതയിൽ സഞ്ചരിക്കുന്നതും അപകടം സൃഷ്ടിച്ചേക്കാം എന്ന ആശങ്കയും ചിലർ പങ്കുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.