കുവൈത്ത് : പരക്കെ മഴ; താപനിലയിൽ കുറവ്
text_fieldsകുവൈത്ത് സിറ്റി: കാലാവസ്ഥാമാറ്റത്തിന്റെ ലക്ഷണങ്ങളുമായി ബുധനാഴ്ച രാജ്യത്താകമാനം മഴയെത്തി. ബുധനാഴ്ച രാവിലെ മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട മഴ അന്തരീക്ഷത്തെ കുളിരണിയിച്ചു. മഴ ശക്തമായില്ലെങ്കിലും കാലാവസ്ഥയിൽ മാറ്റം പ്രകടമായി. ആകാശം മൂടിക്കെട്ടിയ നിലയിലായിരുന്നു. താപനിലയിൽ വലിയ കുറവുണ്ടായി.
മഴ വ്യാഴാഴ്ച അർധരാത്രി വരെ വ്യത്യസ്ത ഇടവേളകളിൽ തുടരുമെന്നു കാലാവസ്ഥാ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖറാവി അറിയിച്ചു. മഴ ക്രമേണ വർധിക്കുമെന്നും ചില പ്രദേശങ്ങളിൽ ഇടക്കിടെയുള്ള ഇടിമിന്നലിനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച പുലർച്ചെ മുതൽ മഴക്കുള്ള സാധ്യത ക്രമേണ കുറയും. ചിലയിടങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഞായറാഴ്ച മഴക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാഴ്ചയായി പലദിവസങ്ങളിലായി രാജ്യത്ത് മഴ എത്തിയിരുന്നു. തണുപ്പുകാല വരവിന്റെ സൂചന ആയാണ് മഴയെ കണക്കാക്കുന്നത്. വൈകാതെ താപനില കുറഞ്ഞുവരുകയും കടുത്ത തണുപ്പുകാലത്തേക്ക് രാജ്യം പ്രവേശിക്കുകയും ചെയ്യും. ഈ മാസം അവസാനത്തോടെ താപനിലയിൽ വലിയ കുറവുണ്ടാകും. രാജ്യത്ത് ശൈത്യകാലം ഒക്ടോബർ 15ന് ആരംഭിക്കുമെന്ന് അൽ ഒജൈരി സയന്റിഫിക് സെന്റർ നേരത്തെ വ്യക്തമാക്കിയിരുന്നു. ശൈത്യകാലം നാല് ഘട്ടങ്ങളായി വിഭജിക്കപ്പെട്ടിട്ടുണ്ട്. ഓരോ ഘട്ടവും 13 ദിവസം നീണ്ടുനിൽക്കും. ഈ കാലയളവിൽ സൂര്യൻ തെക്കോട്ട് ചായുന്നത് തുടരും.
അതിന്റെ ഫലമായി പകൽ സമയത്ത് താപനില കുറയുകയും മിതമായ കാലാവസ്ഥ ആരംഭിക്കുകയും ചെയ്യും. അതേസമയം, വരും ദിവസങ്ങളിലും മഴക്കു സാധ്യതയുണ്ട്. രാജ്യത്ത് മഴക്കാലം മുന്നിൽ കണ്ടു സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. മഴക്കാലത്ത് രക്ഷാപ്രവർത്തനങ്ങള്‍ നല്‍കുന്നതിനും അടിയന്തര സഹായങ്ങള്‍ എത്തിക്കുന്നതിനുമായി ഓപറേഷന് റൂം സജ്ജമാക്കും. മഴയത്ത് വാഹനം ഓടിക്കുമ്പോൾ ജാഗ്രതപാലിക്കണമെന്നും അപകടങ്ങൾക്ക് കാരണമാകുന്ന വാഹനം ഡ്രൈവ് ചെയ്യരുതെന്നും അധികൃതർ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.