വരുന്നു ഗൂഗ്ൾ ക്ലൗഡ്; കുവൈത്ത്, മേഖലയിലെ ഐ.ടി ഹബ്ബാകും
text_fieldsകുവൈത്ത് സിറ്റി: ഗള്‍ഫ് മേഖലയിലെ ഗൂഗ്ൾ ക്ലൗഡ് സേവനങ്ങൾക്കായി കുവൈത്തിൽ ഓഫിസ് തുറക്കുന്നു. രണ്ട് മാസത്തിനുള്ളിൽ ഓഫിസ് പ്രവർത്തനം ആരംഭിക്കും. കുവൈത്തില്‍ ഓഫിസ് തുറക്കുന്നതിനുള്ള നടപടിക്രമങ്ങളും വാണിജ്യ അനുമതിയും നേടിയതായി അധികൃതര്‍ അറിയിച്ചു. കുവൈത്ത് വാർത്താവിനിമയ മന്ത്രാലയവും ഗൂഗ്ൾ അധികൃതരും ഇതുസംബന്ധിച്ച് ദീർഘനാളായി ചർച്ച നടത്തിവരുകയായിരുന്നു. പ്രാദേശിക ഇടനിലക്കാരെ ഒഴിവാക്കി ഗൂഗ്ൾ ക്ലൗഡ് നേരിട്ട് കുവൈത്ത് സർക്കാറുമായി പ്രവർത്തനം ഏകോപിപ്പിക്കും. ഗൂഗ്ള്‍ ക്ലൗഡ് ഓഫിസ് ആരംഭിക്കുന്നതോടെ മേഖലയിലെ ഐ.ടി ഹബ്ബായി കുവൈത്ത് മാറും. മേഖലയിലെ എല്ലാ രാജ്യങ്ങൾക്കും കുവൈത്തിലെ കേന്ദ്രം വഴിയായിരിക്കും ഗൂഗ്ൾ ക്ലൗഡ് സേവനങ്ങൾ നൽകുക. കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ അതോറിറ്റി, സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്നോളജി, കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റഗുലേറ്ററി എന്നിവയുമായി സഹകരിച്ചാകും ഗൂഗ്ൾ ക്ലൗഡിന്റെ കുവൈത്തിലെ പ്രവര്‍ത്തനമെന്നാണ് സൂചന.
ഡിജിറ്റല്‍വത്കരണ പദ്ധതിക്ക് വേഗം കൂട്ടുന്ന കുവൈത്തിലെ വിവരവിനിമയ മേഖലയുടെ വികസനത്തിനും സഹായിക്കുന്നതാണ് ഗൂഗ്ള്‍ ക്ലൗഡിന്റെ വരവ്. ഗൂഗ്ള്‍ ക്ലൗഡിന്റെ സാന്നിധ്യം രാജ്യത്ത് ഐ.ടി മേഖലയിൽ തൊഴിലവസരങ്ങളും സൃഷ്ടിക്കും. ഗൂഗ്ൾ മാനേജ്മെന്റ് ടൂളുകൾ, ഡാറ്റ സംഭരണം, കമ്പ്യൂട്ടിങ്, ഡാറ്റ അനലിറ്റിക്സ് തുടങ്ങിയ ക്ലൗഡ് സേവനങ്ങളാണ് ഗൂഗ്ൾ നൽകുന്നത്. ഗൂഗ്ൾ ക്ലൗഡ് ബ്രാൻഡിനു കീഴിൽ 90ലധികം ഉൽപന്നങ്ങളും സേവനങ്ങളുമാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.