പുതിയ സർക്കാർ ഉടൻ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തിന്റെ പ്രധാനമന്ത്രി പദവിയിൽ ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് തുടരും. അദ്ദേഹത്തെ വീണ്ടും പ്രധാനമന്ത്രിയായി ചുമതലപ്പെടുത്തി ഞായറാഴ്ച അമീർ ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ സർക്കാർ ഉടൻ രൂപവത്കരിക്കാനും ഉത്തരവ് നടപ്പാക്കാനും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഉത്തരവ് സംബന്ധിച്ച് പ്രധാനമന്ത്രി ദേശീയ അസംബ്ലിയിൽ വിശദീകരിക്കും.
ഈ ആഴ്ചതന്നെ മന്ത്രിമാരെ തിരഞ്ഞെടുക്കുമെന്നും വൈകാതെ സത്യപ്രതിജ്ഞ ഉണ്ടാകുമെന്നുമാണ് സൂചന. നിലവിലെ മന്ത്രിസഭയിൽനിന്ന് എത്രപേർ തുടരുമെന്നും അതോടെ വ്യക്തതവരും. എം.പിമാരുമായുള്ള അഭിപ്രായഭിന്നതകളും മന്ത്രിമാർക്കെതിരെ ദേശീയ അസംബ്ലിയിൽ കുറ്റവിചാരണ പ്രമേയം കൊണ്ടുവരാനുമുള്ള നീക്കത്തിനുമിടെ ഈ വർഷം ഫെബ്രുവരി 23നാണ് സർക്കാർ രാജി സമർപ്പിച്ചത്. അമീറിന്റെ ആവശ്യപ്രകാരം മന്ത്രിസഭ താൽക്കാലിക ചുമതലയിൽ തുടരുകയാണ്. രാജി സമർപ്പിച്ചതിനാൽ ദേശീയ അസംബ്ലി സമ്മേളനത്തിൽനിന്ന് സർക്കാർ വിട്ടുനിന്നതിനാൽ സഭാനടപടി തടസ്സപ്പെട്ടിരുന്നു.
ഒരു വർഷത്തിനിടെ മൂന്നാം തവണയാണ് ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിനെ പ്രധാനമന്ത്രിയായി നിയമിക്കുന്നത്. ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിന്റെ രാജിയെ തുടർന്ന് 2022 ജൂലൈ 24നാണ് അദ്ദേഹം ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തിയത്.
2022 സെപ്റ്റംബറിലെ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിന് പിറകെ ഈ സർക്കാർ പിരിച്ചുവിട്ടു. തുടർന്ന് 2022 ഒക്ടോബറിൽ ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിനെ വീണ്ടും പ്രധാനമന്ത്രിയായി നിയമിച്ചു. ഒക്ടോബർ 17ന് നിലവിലുള്ള മന്ത്രിസഭ അധികാരമേറ്റു.
11 പുതുമുഖങ്ങളെയും രണ്ടു വനിതകളെയും ഉൾപ്പെടുത്തി വലിയ മാറ്റങ്ങളോടെയാണ് മന്ത്രിസഭ നിലവിൽ വന്നത്. ദേശീയ അസംബ്ലിയിലേക്ക് വിജയിച്ച രണ്ട് എം.പിമാരും മന്ത്രിസഭയിലെത്തി. 15 അംഗ മന്ത്രിസഭയിൽ മുൻ സർക്കാറിലെ മൂന്നു പേരും അംഗങ്ങളായിരുന്നു.
ദേശീയ അസംബ്ലി തെരഞ്ഞെടുപ്പു പൂർത്തിയാകുകയും പുതിയ മന്ത്രിസഭ അധികാരത്തിൽ വരുകയും ചെയ്തതോടെ രാജ്യത്ത് രാഷ്ട്രീയ സ്ഥിരത നിലനിൽക്കുമെന്നായിരുന്നു പൊതു അഭിപ്രായം. സർക്കാറും എം.പിമാരും രമ്യതയിൽ മുന്നോട്ടുപോകാൻ ധാരണയിലെത്തിയിരുന്നു.
എന്നാൽ, ഈ സർക്കാറും രാജിവെച്ചതോടെ ഇത് തെറ്റി. പുതിയ സർക്കാർ രൂപവത്കരിക്കുന്നതോടെ സ്ഥിരത പ്രതീക്ഷിക്കുകയാണ് ജനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.