ലബനാന് മാനുഷിക സഹായവുമായി കുവൈത്ത്; ആദ്യ സഹായ വിമാനം ബൈറൂത്തിലെത്തി
text_fieldsകുവൈത്ത് സിറ്റി: ഇസ്രായേലിന്റെ നിരന്തര ആക്രമണം നേരിടുന്ന ലബനാന് മാനുഷിക സഹായവുമായി കുവൈത്ത്. മെഡിക്കൽ, ആശുപത്രി സാമഗ്രികളുമായി കുവൈത്തിന്റെ ആദ്യ എയർ ബ്രിഡ്ജ് വിമാനം കഴിഞ്ഞ ദിവസം ബൈറൂത്തിലെ റാഫിക് ഹരിരി വിമാനത്താവളത്തിലെത്തി. കുവൈത്ത് രാഷ്ട്രീയ നേതൃത്വത്തിന്റെ നിർദേശപ്രകാരം വ്യോമസേനയുടെ വിമാനത്തിലാണ് സഹായം എത്തിച്ചത്.
ലബനാനുള്ള മാനുഷിക എയർ ബ്രിഡ്ജ് തുടരുമെന്നും ലബനാനിലെ കുവൈത്ത് എംബസിയുടെ ചുമതലയുള്ള അബ്ദുല്ല അൽ ഷഹീൻ പറഞ്ഞു. കുവൈത്തിലെയും ലബനാനിലെയും ബന്ധപ്പെട്ട അധികാരികളും ലബനീസ് പ്രധാനമന്ത്രിയുടെ ഓഫിസിലെ എമർജൻസി കമ്മിറ്റിയും തമ്മിലുള്ള ഏകോപനത്തിനു ശേഷമാണ് വസ്തുക്കൾ അയച്ചത്.
അറബ് സാമ്പത്തിക വികസനത്തിനായുള്ള കുവൈത്ത് ഫണ്ട് ലബനാനിലുടനീളം നിരവധി സർക്കാർ ആശുപത്രികൾ സ്ഥാപിക്കുകയും നവീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് ലബനാൻ ആരോഗ്യ മന്ത്രാലയം ഡയറക്ടർ ജനറൽ ഫാദി സിനാൻ പറഞ്ഞു.
അടുത്ത രണ്ട് ദിവസങ്ങളിൽ വിവിധ ദുരിതാശ്വാസ സഹായങ്ങളുമായി കുവൈത്ത് കൂടുതൽ വിമാനങ്ങൾ അയക്കും. ഇസ്രായേൽ ആക്രമണത്തിനിടയിലെ ദുഷ്കരമായ സാഹചര്യങ്ങളിൽ ലബനാനൊപ്പം നിൽക്കുന്നതിന് കുവൈത്തിനും സർക്കാറിനും ജനങ്ങൾക്കും അദ്ദേഹം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.