ചരിത്രമുഹൂർത്തത്തിന് സാക്ഷിയായി കുവൈത്ത്; ലോകകപ്പ് ക്രിക്കറ്റ് ട്രോഫി പ്രദർശിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: ചരിത്രമുഹൂർത്തങ്ങൾക്കും ആനന്ദ നിമിഷങ്ങൾക്കും ഹർഷാരവങ്ങൾക്കും സാക്ഷിയാവുകയും ലോക കായിക ഭൂപടത്തിൽ തിളക്കത്തോടെ നിലനിൽക്കുകയും ചെയ്യുന്ന ലോക കിരീടം കുവൈത്തിന്റെ മണ്ണിലുമെത്തി. ക്രിക്കറ്റ് കളിക്കാരുടെ നിത്യ പ്രചോദനവും ആരാധകരുടെ വിസ്മയവുമായ ലോകകപ്പ് ക്രിക്കറ്റ് ട്രോഫി, ഏകദിന ലോകകപ്പിന്റെ മുന്നോടിയായാണ് കുവൈത്തിൽ എത്തിയത്. ലോകക്രിക്കറ്റിലെ വമ്പൻമാർ കൈകളിലേന്തിയ, ടി.വി സ്ക്രീനിൽ മാത്രം കണ്ട ലോക കിരീടം ആഘോഷത്തോടെയാണ് രണ്ടു നാൾ കുവൈത്ത് ഏറ്റെടുത്തത്.
വ്യാഴാഴ്ച റാഡിസൺ ബ്ലൂ ഹോട്ടലിൽ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക, കുവൈത്ത് ക്രിക്കറ്റ് പ്രസിഡന്റ് ഹൈദർ അബ്ബാസ് ഫർമാൻ, ഐ.സി.സി ഡെപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖാജ എന്നിവരും മറ്റു പ്രമുഖരും ചേർന്ന് ട്രോഫി കുവൈത്തിൽ അവതരിപ്പിച്ചു. കുവൈത്ത് ക്രിക്കറ്റ് അസോസിയേഷൻ അംഗങ്ങൾ, ടീം അംഗങ്ങൾ, ഐ.സി.സി പ്രതിനിധികൾ, പബ്ലിക് അതോറിറ്റി ഫോർ സ്പോർട്സ്, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താൻ അംബാസഡർമാർ എന്നിവർ പങ്കെടുത്തു.
ഹോട്ടലിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കു മാത്രമായിരുന്നു പ്രവേശനം. കുവൈത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഇതൊരു സ്വപ്നസാക്ഷാത്കാരമാണെന്നും ഒരു ദിവസം ഞങ്ങൾ കുവൈത്തിൽ ലോകകപ്പിന് ആതിഥേയത്വം വഹിക്കുമെന്നും കുവൈത്ത് ക്രിക്കറ്റ് പ്രസിഡന്റ് ഹൈദർ ഫർമാൻ പറഞ്ഞു. വെള്ളിയാഴ്ച സുലൈബിയ ക്രിക്കറ്റ് ഗ്രൗണ്ടിൽ വൈകീട്ട് അഞ്ചു മുതൽ ക്രിക്കറ്റ് ഫാൻസിനായി ട്രോഫി പ്രദർശിപ്പിച്ചു. നിരവധി പേരാണ് ഇവിടെ ലോക കിരീടം കാണാനെത്തിയത്. ഒക്ടോബർ അഞ്ചുമുതൽ നവംബർ 19 വരെ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിന്റെ മുന്നോടിയായി ക്രിക്കറ്റ് ട്രോഫി ടൂറിന്റെ ഭാഗമായാണ് ലോക കിരീടം കുവൈത്തിൽ എത്തിയത്. ലോകത്തെ 18 രാജ്യങ്ങളിൽ ട്രോഫി പ്രദർശിപ്പിക്കുന്നുണ്ട്.
ജി.സി.സിയിൽ കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലാണ് പ്രദർശനം. ഇന്ത്യ, ന്യൂസിലൻഡ്, ആസ്ട്രേലിയ, യു.എസ്.എ, വെസ്റ്റിൻഡീസ്, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ പിന്നിട്ടാണ് ട്രോഫി കുവൈത്തിൽ എത്തുന്നത്. കുവൈത്തിൽനിന്ന് ബഹ്റൈനിലേക്കാണ് ട്രോഫിയുടെ യാത്ര. ഇറ്റലി, ഫ്രാൻസ്, ഇംഗ്ലണ്ട്, മലേഷ്യ, യുഗാണ്ട, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലും പ്രദർശനം കഴിഞ്ഞ് സെപ്റ്റംബർ നാലിന് ട്രോഫി ഇന്ത്യയിൽ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.