Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightദുബൈയിൽ കുടുങ്ങിയ...

ദുബൈയിൽ കുടുങ്ങിയ കുവൈത്ത്​ യാത്രക്കാർ നാട്ടിലേക്ക്​ മടങ്ങുന്നു

text_fields
bookmark_border
ദുബൈയിൽ കുടുങ്ങിയ കുവൈത്ത്​ യാത്രക്കാർ നാട്ടിലേക്ക്​ മടങ്ങുന്നു
cancel
camera_alt

കുവൈത്തിലേക്ക്​ പോകാൻ ദുബൈ വിമാനത്താവളത്തിലെത്തിയ യാത്രക്കാർ

ദുബൈ: കേരളത്തിൽനിന്ന്​ യു.എ.ഇ വഴി കു​െവെത്തിലേക്കും സൗദിയിലേക്കും യാത്ര​െചയ്യാനെത്തി ദുബൈയിൽ കുടുങ്ങിയ വിമാന യാത്രക്കാർ നാട്ടിലേക്ക്​ മടങ്ങുന്നു. യു.എ.ഇയിൽനിന്ന്​ കുവൈത്തിലേക്കും സൗദിയിലേക്കുമുള്ള അമിത ടിക്കറ്റ്​ നിരക്കും വിമാന സർവിസി​െൻറ ലഭ്യതക്കുറവുമാണ്​​ ഇവർക്ക്​ തിരിച്ചടിയായത്​. താൽക്കാലികമായെടുത്ത ഒരുമാസത്തെ വിസ കാലാവധി അവസാനിക്കാറായ പലരും കഴിഞ്ഞ ദിവസങ്ങളിലായി മടങ്ങി. ഉടൻ ബാക്കിയുള്ളവരും മടങ്ങാനൊരുങ്ങുകയാണ്​.

ആയിരത്തോളം പേരാണ്​ ഇത്തരത്തിൽ ദുബൈയിലെ ഹോട്ടലുകളിൽ തങ്ങുന്നത്​. കുവൈത്തിലേക്കും സൗദിയിലേക്കും ഇന്ത്യയിൽനിന്ന്​ നേരിട്ട്​ വിമാന സർവിസ്​ ഇല്ലാത്തതിനാലാണ്​ യാത്രക്കാർ ദുബൈ വഴി യാത്ര ചെയ്യുന്നത്​. ദുബൈയിലെത്തി 14 ദിവസം ക്വാറൻറീനിൽ കഴിഞ്ഞ ശേഷം കുവൈത്തിൽ എത്തണമെന്നാണ്​ നിബന്ധന. അതിനാൽ ഒരു മാസത്തെ വിസിറ്റിങ്​ വിസയെടുത്താണ്​ യാത്രക്കാർ ദുബൈയിൽ എത്തി ഹോട്ടലിൽ തങ്ങുന്നത്​. എന്നാൽ, ദുബൈയിൽനിന്ന്​ കുവൈത്തിലേക്കുള്ള യാത്രനിരക്ക്​ 5000 ദിർഹമിന്​ മുകളിലാണ്​. സാധാരണ ഇത്​ 300-600 ദിർഹമാണ്​. ടിക്കറ്റാണെങ്കിൽ കിട്ടാനുമില്ല. എയർലൈനുകളുടെ ​െസെറ്റിൽ അടുത്ത മാസം മുതലാണ്​ ടിക്കറ്റുകൾ കാണിക്കുന്നത്​. അതും 3000 ദിർഹമിന്​ മുകളിലാണ്​ നിരക്ക്​. 5000 മുതൽ 7500 ദിർഹം വരെ നൽകിയാൽ ടിക്കറ്റ്​ നൽകാമെന്ന്​ ചില ട്രാവൽ ഏജൻസികൾ അറിയിച്ചതായി യാത്രക്കാർ പറയുന്നു​.

അതേസമയം, കേരളത്തിലേക്ക്​ 300 ദിർഹമിന്​ ടിക്കറ്റ്​ ലഭിക്കും. നാട്ടിലേക്ക്​ തിരികെ പോയ ശേഷം നേരിട്ടുള്ള വിമാന സർവിസ്​ ആരംഭിക്കു​േമ്പാൾ കുവൈത്തിലേക്ക്​ പോകാമെന്ന നിലപാടിലാണ്​ പലരും. ദുബൈയിലെത്തി 20 ദിവസത്തിന്​ മുകളിലായവരുണ്ട്​. ഒരാഴ്​ചകൂടി കഴിഞ്ഞാൽ ഇവരുടെ വിസ കാലാവധി അവസാനിക്കും. പിന്നീട്​ വിസ പുതുക്കുകയോ പിഴ അടക്കുകയോ ചെയ്യേണ്ടിവരും. ഹോട്ടലിൽ തങ്ങുന്നതിന്​ നൽകുന്ന ചെലവ്​ വേറെയും. ഉടൻ കുവൈത്തിലോ സൗദിയിലോ എത്തിയില്ലെങ്കിൽ ജോലി നഷ്​ടമാകും എന്ന അവസ്​ഥയിലുള്ളവരാണ്​ ഇനിയും പ്രതീക്ഷയോടെ ഇവിടെ തങ്ങുന്നത്​. കുടുംബവുമായി എത്തിയവരുമുണ്ട്​.

യു.എ.ഇയിൽനിന്ന്​ കുവൈത്തിലേക്ക്​ ദിവസവും വളരെ കുറച്ച്​ സർവിസ്​ മാത്രമാണുള്ളത്​. കോവിഡ്​ നിയന്ത്രണങ്ങളുള്ളതിനാൽ പകുതി യാത്രക്കാരെ മാത്രമാണ്​ വിമാനങ്ങളിൽ അനുവദിക്കുന്നത്​.

കുവൈത്ത്,​ സൗദി യാത്രക്കാരുടെ ശ്രദ്ധക്ക്​

ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കും സൗദിയിലേക്കും യാത്ര ചെയ്യാനുള്ളവർ​ നേരിട്ടുള്ള വിമാന സർവിസ്​ തുടങ്ങിയശേഷം യാത്ര ചെയ്യുന്നതാവും നല്ല​െതന്ന്​ ദുബൈയിൽ കുടുങ്ങിയ കണ്ണൂർ സ്വദേശി നസീർ പറയുന്നു. ഇവിടെ എത്തിയിട്ട്​ 23 ദിവസം കഴിഞ്ഞു. ഒരാഴ്​ച കഴിഞ്ഞാൽ വിസ കാലാവധി കഴിയും. 14 ദിവസത്തേക്ക്​ 35,000 രൂപയുടെ ഹോട്ടൽ പാക്കേജ്​ എടുത്താണ്​ ഇവിടെ എത്തിയത്​. പാക്കേജും കഴിഞ്ഞ്​ അധിക തുക നൽകിയാണ്​ തങ്ങുന്നത്​. ​അൽ ബർഷയിലെ ഹോട്ടലിലാണ്​ താമസം. ആയിരക്കണക്കിന്​ ആളുകൾ ഇത്തരത്തിൽ കുടുങ്ങിയിട്ടുണ്ട്​. ഞങ്ങളുടെ വാട്​സ്​ആപ്​ ഗ്രൂപ്പിൽ മാത്രം 178 പേരുണ്ട്​.

യു.എ.ഇയിലെ പല ട്രാവൽസുകളിലും വിളിച്ചുനോക്കി. ടിക്കറ്റ്​ ലഭ്യമല്ല എന്ന മറുപടിയാണ്​ ലഭിച്ചത്​. 4500-5000 ദിർഹമിന്​ ടിക്കറ്റ്​ നൽകാമെന്ന്​ നേരത്തേ പാകിസ്​താനി ട്രാവൽ ഏജൻസി അറിയിച്ചിരുന്നു. ഇത്രയും തുക നൽകി കുവൈത്തിലേക്ക്​ പോകുന്നതിലും നല്ലത്​ 8000 രൂപ മുടക്കി കേരളത്തിലേക്ക്​ മടങ്ങുന്നതാണ്​. ദുബൈയിൽനിന്ന്​ കുവൈത്തിലേക്കും സൗദിയിലേക്കുമുള്ള വിമാന ടിക്കറ്റ്​ നിരക്കുകളും വിമാനത്തി​െൻറ ലഭ്യതയും ഉറപ്പുവരുത്തിയശേഷം മാത്രം ഇവിടെ എത്തുന്നതാവും നല്ല​െതന്നും നസീർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwaiti passengersDubai return home
Next Story