കുവൈത്തിലെ തൂവൽ കുപ്പായക്കാർ;രാത്രിയുടെ സ്വന്തം ലിറ്റിൽ ഔൾ
text_fieldsകുവൈത്തിൽനിന്ന് കിച്ചു അരവിന്ദ് പകർത്തിയ ചിത്രംകുവൈത്തിലെ സ്ഥിരവാസിയായ മൂങ്ങകളിൽ ഏറ്റവും ചെറിയ ഇനമാണ് ലിലിത് ഔൾ അഥവാ ലിറ്റിൽ ഔൾ. എണ്ണത്തിൽ വളരെ കുറവുള്ള ഇവ കുവൈത്തിലെ ജാൽ അൽ സൂരിലെ കിഴക്കാംതൂക്കായ മലഞ്ചെരിവുകളിലാണ് പ്രധാനമായും കാണുന്നത്. ആഫ്രിക്ക മുതൽ യൂറോപ്പ് വരെയുള്ള പ്രദേശങ്ങളിൽ സാന്നിധ്യമുള്ള മൂങ്ങയാണ് ഇവ. ദേശാടന സ്വഭാവമില്ലാത്ത ഇവ വർഷം മുഴുവനും കുവൈത്തിൽ തങ്ങുന്നു.
180 ഗ്രാം മാത്രം ഭാരം വരുന്ന വളരെ ചെറിയ മൂങ്ങയാണ് ലിറ്റിൽ ഔൾ. കുവൈത്തിലുള്ള ഉപജാതിക്ക് വിളറി മങ്ങിയ തവിട്ടു നിറത്തിൽ പുള്ളികളോട് കൂടിയതാണ് തൂവൽ കുപ്പായം. ഇത് ഇവക്ക് ആവാസ വ്യവസ്ഥകളിൽ ഒളിഞ്ഞിരിക്കാനുള്ള ശേഷി നൽകുന്നു.
പൊതുവെ ഉരുണ്ട രൂപമാണ്. തലയുടെ മുകൾഭാഗം പരന്നതും വാൽ കുറിയതുമാണ്. വെളുത്ത പുരികങ്ങൾ ഇവയുടെ നോട്ടത്തിനു തുറിച്ചു നോക്കുന്ന ഭാവം നൽകുന്നു.
ഒരിക്കൽ കൂടുകൂട്ടിയാൽ ജീവിതകാലം മുഴുവൻ ഒരേ ഇണക്കൊപ്പം കഴിയുന്നവരാണ് ഈ മൂങ്ങകൾ. മാളങ്ങളിലും ചെറു ഗുഹകളിലും കൂടൊരുക്കി അധീന പ്രദേശങ്ങൾ കാത്തുസൂക്ഷിക്കുന്ന ഇണകൾ പ്രജനന കാലത്ത് പുറമെനിന്ന് എത്തുന്ന മൂങ്ങകളെ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി ഓടിക്കും.
മലഞ്ചെരിവുകളുടെ മുകളിൽ ഇരുന്നു നിരീക്ഷിച്ചു ചാട്ടുളി പോലെ കുതിച്ചു ഇരയെ റാഞ്ചുന്നതാണ് ശൈലി.
ചെറിയ സസ്തിനികൾ, ഷഡ്പദങ്ങൾ, ഉരഗങ്ങൾ തുടങ്ങിയവയാണ് ആഹാരം. അപൂർവമായി ചെറുകിളികളുടെ കുഞ്ഞുങ്ങളെയും റാഞ്ചും. ഒന്നിലധികം ഭൂഖണ്ഡങ്ങളിൽ സാന്നിധ്യമുള്ളത് കൊണ്ടും ദേശാടന സ്വഭാവമില്ലാത്തതു കൊണ്ടും ഇവയുടെ ഓരോ പ്രദേശങ്ങളിലെയും കൂട്ടങ്ങൾ വ്യത്യസ്തമായ ഉപജാതികളായി ഉരുത്തിരിഞ്ഞിട്ടുണ്ട്. ഇത്തരം പതിമൂന്ന് ഉപജാതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ കുവൈത്തിൽ കാണുന്ന ഉപജാതിയുടെ ശാസ്ത്രീയ നാമം Athene noctua lilith അഥവാ ലിലിത് ഔൾ എന്നതാണ്. ലിലിത് എന്ന ലാറ്റിൻ വാക്കിനർഥം രാത്രിയുടെ സ്വന്തം എന്നാണ്. പല പുരാണ സംസ്കാരങ്ങളുടെയും ചിഹ്നങ്ങളിൽ ഇവയെ കാണാം. ഗ്രീക്ക് പുരാണത്തിലെ അഥീന ദേവതയുടെ ചിഹ്നത്തിലുള്ളതും ലിറ്റൽ ഔൾ തന്നെയാണ്. പാശ്ചാത്യ സംസ്കാരത്തിൽ ഇവയെ സഞ്ചിതവിജ്ഞാനത്തിന്റെയും ബുദ്ധിയുടെയും പര്യായമായി കണക്കാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.