തായ്ലൻഡിൽ ചികിത്സയിലിരുന്ന കുവൈത്തികളെ പ്രത്യേക വിമാനത്തിൽ കൊണ്ടുവന്നു
text_fieldsകുവൈത്ത് സിറ്റി: തായ്ലൻഡിൽ ചികിത്സയിലുണ്ടായിരുന്ന കുവൈത്തികളെ കുവൈത്ത് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിച്ചു. ആധുനിക ചികിത്സ ഉപകരണങ്ങൾ സംവിധാനിച്ച പ്രത്യേക വിമാനത്തിലാണ് ചികിത്സയിലുള്ളവരെയും കൂട്ടിന് പോയവരെയും കൊണ്ടുവന്നത്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള മെഡിക്കൽ സർവീസസ് അതോറിറ്റിയിലെ മെഡിക്കൽ ജീവനക്കാരുമുണ്ടായിരുന്നു.
വിമാനത്താവളത്തിൽ അത്യാവശ്യ വൈദ്യ പരിശോധനകൾ പൂർത്തിയാക്കിയശേഷം ശൈഖ് ജാബിർ ആശുപത്രിയിലേക്കും മറ്റു ആശുപത്രിയിലേക്കും മാറ്റി. കുവൈത്ത് പൗരന്മാരെ വിദേശ രാജ്യങ്ങളിൽ ചികിത്സക്കയക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിലെ സാമ്പത്തിക പ്രതിസന്ധിയാണ് തീരുമാനത്തിന് അടിസ്ഥാനം.
വിദേശത്തെ ആശുപത്രികളിൽ നേരേത്ത നടത്തിയ ചികിത്സയുടെ ഭാഗമായി കുടിശ്ശികയുണ്ട്. നിലവിൽ കുവൈത്തികൾ ചികിത്സയിൽ കഴിയുന്ന അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, തായ്ലൻഡ്, യു.എ.ഇ എന്നിവിടങ്ങളിലെ ആശുപത്രിയിലാണ് കുടിശ്ശികയുള്ളത്. ആരോഗ്യ മന്ത്രാലയത്തിന് ധനമന്ത്രാലയത്തിൽനിന്ന് ആവശ്യത്തിന് സാമ്പത്തികസഹായം ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. കോവിഡ് പ്രതിസന്ധിയിൽ കുവൈത്തിെൻറ മുഖ്യവരുമാനമായ പെട്രോളിയം വില കൂപ്പുകുത്തിയത് ചെലവുചുരുക്കാൻ രാജ്യത്തെ നിർബന്ധിതരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.