ഗസ്സയിലെ ജനങ്ങൾക്ക് സഹായവുമായി കുവൈത്തിന്റെ ആറാം വിമാനം
text_fieldsകുവൈത്ത് സിറ്റി: ഗസ്സയിലെ ജനങ്ങൾക്ക് സഹായവുമായി അവശ്യവസ്തുക്കളും സാധനങ്ങളും നിറച്ച ആറാമത്തെ വിമാനം ഞായറാഴ്ച കുവൈത്തിൽനിന്ന് പുറപ്പെട്ടു. രണ്ട് ആംബുലൻസുകൾ, ഒരു മണ്ണുമാന്തി വാഹനം എന്നിവയും ഞായറാഴ്ച അയച്ചവയിൽ ഉൾപ്പെടുന്നു. മറ്റ് അവശ്യവസ്തുക്കളടക്കം 40 ടൺ സാധനങ്ങളാണ് ഞായറാഴ്ച അയച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നതിനും അടിയന്തര സഹായങ്ങൾക്കും ആംബുലൻസുകൾ ഉപയോഗിക്കും. തകർന്ന കെട്ടിടങ്ങളിൽ തിരച്ചിൽ നടത്തുന്നതിനുള്ള സഹായമായാണ് മണ്ണുമാന്തി യന്ത്രം അയച്ചത്. കുവൈത്ത് എയർഫോഴ്സ് വിമാനത്തിലാണ് സാധനങ്ങൾ അയക്കുന്നത്.
ഞായറാഴ്ച 40 ടൺകൂടി അയച്ചതോടെ കുവൈത്ത് ഗസ്സയിലേക്ക് ഇതുവരെ 150 ടൺ ഭക്ഷണവും മരുന്നും മെഡിക്കൽ സപ്ലൈകളും എത്തിച്ചുകഴിഞ്ഞു. ആംബുലൻസുകൾക്കും തീവ്രപരിചരണ വസ്തുക്കൾക്കും പുറമെയാണിത്. സംഘർഷത്തിന്റെ ആദ്യ ദിവസം മുതൽ ഗസ്സയിൽ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി ഭക്ഷണ വിതരണം നടത്തിവരുന്നുണ്ട്. കുവൈത്ത് സർക്കാറും സർക്കാറിതര സ്ഥാപനങ്ങളും ജീവകാരുണ്യ സംഘടനകളും പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് അവശ്യസാധനങ്ങൾ ശേഖരിക്കാനും ദുരിതാശ്വാസ സഹായം അയക്കാനും മുന്നിലുണ്ട്.
മെഡിക്കൽ സാമഗ്രികൾ, ആംബുലൻസുകൾ, തീവ്രപരിചരണ വസ്തുക്കൾ, മരുന്ന്, ഭക്ഷണം എന്നിങ്ങനെ ഗസ്സയിലെ ഫലസ്തീൻ ജനതയുടെ അടിയന്തിര ആവശ്യങ്ങൾക്കായുള്ള വസ്തുക്കളാണ് കുവൈത്ത് അയക്കുന്നത്. ഈജിപ്തിലെ റഫ അതിർത്തി തുറന്നതോടെ ഗസ്സയിലേക്ക് 40 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി കഴിഞ്ഞ തിങ്കളാഴ്ചയാണ് കുവൈത്തിൽനിന്ന് ആദ്യ വിമാനം പുറപ്പെട്ടത്. പിറകെ ദിവസവും ഓരോ വിമാനങ്ങൾ അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.