ഈജിപ്തിലെ മത്സ്യത്തൊഴിലാളികൾക്ക് കുവൈത്തിന്റെ സഹായം
text_fieldsകുവൈത്ത് സിറ്റി: തെക്കൻ ഈജിപ്തിലെ മത്സ്യത്തൊഴിലാളികൾക്ക് ഉപജീവനത്തിനായി കുവൈത്തിന്റെ സഹായം. മത്സ്യബന്ധനത്തിൽനിന്ന് സമ്പാദിക്കുന്നതിന് കുടുംബങ്ങളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ കുവൈത്ത് അൽനജാത്ത് ചാരിറ്റി നേതൃത്വത്തിൽ ബോട്ടുകൾ വിതരണം ചെയ്തു.
48 ബോട്ടുകൾ ഇതുവരെ സഹായമായി നൽകിയിട്ടുണ്ട്. അൽനജാത്ത് സൊസൈറ്റിയും മറ്റ് കുവൈത്ത് ചാരിറ്റികളും തമ്മിലുള്ള നിരന്തര സഹകരണത്താലാണ് ഇത് സാധ്യമാക്കിയതെന്ന് അൽനജാത്ത് ചാരിറ്റി ഹ്യൂമൻ റിസോഴ്സ് ഡയറക്ടർ സബാഹ് അൽഫൈലകാവി പറഞ്ഞു. ‘ജീവന്റെ ബോട്ടുകൾ’ എന്നാണ് പദ്ധതിയുടെ പേര്.
ഉപജീവനത്തിനായി മത്സ്യബന്ധനത്തെ ആശ്രയിക്കുന്ന കുടുംബങ്ങൾക്ക് സ്ഥിരവരുമാനം ഉറപ്പാക്കുകയാണ് പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്. മോട്ടോറും ആധുനിക മത്സ്യബന്ധന ഉപകരണങ്ങളും സജ്ജീകരിച്ച ബോട്ടുകളാണ് വിതരണം ചെയ്യുന്നത്.
ഗ്രാമങ്ങളിലെ നിവാസികൾക്ക് വളരെ ഉപയോഗപ്രദമാണ് പദ്ധതിയെന്നും ഭൂരിഭാഗവും മത്സ്യബന്ധനത്തിൽനിന്ന് ഉപജീവനം സമ്പാദിക്കുന്നവരാണെന്നും സുനാ അൽ ഖൈർ ഫൗണ്ടേഷൻ ചെയർപേഴ്സൻ മുസ്തഫ പറഞ്ഞു. സഹായത്തിന് മത്സ്യത്തൊഴിലാളികൾ കുവൈത്തിന് നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.