കുവൈത്ത് ദേശീയ ദിനാഘോഷം: കണ്ണിന് പരിക്കേൽക്കുന്നവരുടെ എണ്ണം കുറഞ്ഞു
text_fieldsകുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷങ്ങളിൽ ആശുപത്രികളിലെ നേത്രരോഗ വിഭാഗങ്ങളിൽ ലഭിച്ച കേസുകളുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 95.8 ശതമാനം കുറഞ്ഞതായി ആരോഗ്യ മന്ത്രാലയം.
രാജ്യത്തെ ഒഫ്താൽമോളജി വിഭാഗങ്ങളിൽ 14 പേരാണ് കണ്ണിന് പരിക്കേറ്റ നിലയിൽ ഇത്തവണ എത്തിയത്. 2023ലെ ദേശീയ ആഘോഷങ്ങളിൽ 331 കേസുകൾ ഉണ്ടായിരുന്നതായും മന്ത്രാലയം നേത്രരോഗ വിഭാഗങ്ങളുടെ കൗൺസിൽ ചെയർമാൻ ഡോ.അഹമ്മദ് അൽ ഫോഡെരി പറഞ്ഞു.
ബഹാർ ഒഫ്താൽമോളജി സെന്ററിൽ ഒന്ന്, അദാൻ ഹോസ്പിറ്റലിൽ അഞ്ച്, ജഹ്റ ഹോസ്പിറ്റലിൽ ഏഴ്, ഫർവാനിയ ഹോസ്പിറ്റലിൽ ഒന്ന് എന്നിങ്ങനെയാണ് കേസുകളെത്തിയത്.
ജാബിർ ആശുപത്രിയിലും ഷാമിയ ഹെൽത്ത് സെന്ററിലും കണ്ണിന് പരിക്കുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ജനങ്ങളുടെ അവബോധവും നിയമം പാലിക്കുന്നതുമാണ് കണ്ണിന് പരിക്കേൽക്കുന്നവരുടെ എണ്ണം കുറക്കാൻ കാരണം. ദേശീയ അവധി ദിവസങ്ങളിലെ പ്രവർത്തനത്തിന് നേത്രരോഗ വിഭാഗങ്ങളിലെ ജീവനക്കാർക്ക് ഡോ.അൽ ഫോഡെരി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.