കുവൈത്തിന്റെ ഐക്യദാർഢ്യം മറക്കില്ല- തുർക്കിയ അംബാസഡർ
text_fieldsകുവൈത്ത് സിറ്റി: ഭൂകമ്പത്തിൽ ദുരിതം അനുഭവിക്കുന്ന ഘട്ടത്തിൽ കുവൈത്ത് സർക്കാറും ജനങ്ങളും കാണിച്ച ഐക്യദാർഢ്യം തങ്ങളുടെ രാജ്യം മറക്കില്ലെന്ന് കുവൈത്തിലെ തുർക്കി അംബാസഡർ തുബ നൂർ സോൻമെസ്. ഭൂകമ്പത്തിൽ സ്വത്തുക്കളും സൗകര്യങ്ങളും വ്യാപകമായി നശിച്ചതിനൊപ്പം ആയിരക്കണക്കിന് ആളുകൾ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തു. തുർക്കിയയിലേക്ക് ദുരിതാശ്വാസ സഹായവും അടിയന്തര മെഡിക്കൽ സാമഗ്രികളും ഉദ്യോഗസ്ഥരെയും അയക്കുന്നതിന് എയർ ബ്രിഡ്ജ് സ്ഥാപിക്കാനുള്ള കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിർദേശത്തെ വിലമതിക്കുന്നു. കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനെ ഇക്കാര്യം അറിയിക്കാൻ ഫോൺ വിളിച്ചത് അവർ സൂചിപ്പിച്ചു. കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ദുരന്തമുണ്ടായ ഉടൻ നേരിട്ട് ബന്ധപ്പെട്ട് കുവൈത്തിന്റെ പിന്തുണ നൽകിയതായും അവർ കൂട്ടിച്ചേർത്തു.
പ്രയാസകരമായ ഘട്ടത്തിൽ കുവൈത്ത് സന്നദ്ധസംഘടനകൾ നൽകിയ സഹായവും ദുരിതാശ്വാസ പ്രവർത്തനങ്ങളെയും, പൊതുജനങ്ങളുടെ രാജ്യവ്യാപക പിന്തുണയെയും പ്രശംസിച്ചു.
മെഡിക്കൽ ഉപകരണങ്ങൾ, വസ്ത്രങ്ങൾ, ശീതകാല പാർപ്പിടം എന്നിവയാണ് തുർക്കിക്ക് ഇപ്പോൾ ആവശ്യമായ പ്രധാന സാമഗ്രികളെന്ന് തുബ നൂർ സോൻമെസ് പറഞ്ഞു. ദുരന്തബാധിത പ്രദേശം 500 കിലോമീറ്റർ കവിയുന്നു. 13 ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന 10 നഗരങ്ങളിൽ ഭൂകമ്പം വ്യാപക നാശം വിതച്ചു. ആയിരക്കണക്കിന് കെട്ടിടം തകർന്നു. ആയിരങ്ങൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
രക്ഷാപ്രവർത്തനം തുടരും. അതിജീവിച്ചവരെ കണ്ടെത്താനാകുമെന്നുള്ള പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല. ദുരന്തത്തിൽനിന്ന് തുർക്കിയ കരകയറുകയും കൂടുതൽ ശക്തമായി തിരിച്ചുവരുമെന്നും അവർ പറഞ്ഞു. ഭൂകമ്പബാധിത പ്രദേശങ്ങൾ ഒരുവർഷത്തിനുള്ളിൽ പുനർനിർമിക്കും. മറ്റു രാജ്യങ്ങളിൽനിന്നുള്ള സുഹൃത്തുക്കളുടെ പിന്തുണയോടെ ജനങ്ങളുടെ ദുരിതം ലഘൂകരിക്കാൻ കഴിയുന്നത് ചെയ്യുമെന്നുമുള്ള തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ വാക്കുകൾ അംബാസഡർ ആവർത്തിച്ചു. ദുഷ്കരമായ സമയങ്ങൾ ശക്തമായ സൗഹൃദം ഉണ്ടാക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ കഷ്ടപ്പാടുകളും വേദനകളും ലഘൂകരിക്കാനുള്ള കുവൈത്ത് ശ്രമം മറക്കില്ലെന്നും തുർക്കിയ അംബാസഡർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.