തൊഴിലാളി ക്ഷാമം: 69 ശതമാനം വികസന പദ്ധതികളും വൈകിയോടുന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് സർക്കാറിന് കീഴിലുള്ള 69 ശതമാനം വികസന പദ്ധതികളും ഷെഡ്യൂൾ സമയത്തേക്കാൾ വൈകിയാണ് പുരോഗമിക്കുന്നതെന്ന് റിപ്പോർട്ട്. 2021-2022 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിലെ പ്ലാനിന്റെ ഫോളോ-അപ്പ് റിപ്പോർട്ട് ആണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. മൊത്തം 131 പദ്ധതികളിൽ 90 എണ്ണം ഷെഡ്യൂൾ സമയത്തേക്കാൾ പിന്നോട്ട് പോയി. 38 പദ്ധതികൾ സമയക്രമം പാലിക്കുന്നുവെന്നും മൂന്ന് എണ്ണം നിശ്ചിത സമയത്തേക്കാൾ മുന്നിലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2019 -2020 വർഷത്തെ മൂന്നാം പാദത്തിൽ 49 ശതമാനവും 2020 -2021 വർഷത്തെ മൂന്നാം പാദത്തിൽ 61 ശതമാനവും പദ്ധതികളാണ് വൈകിയിരുന്നത്. 50 ശതമാനം പദ്ധതികൾ നിർവഹണ ഘട്ടത്തിലും 39 ശതമാനം ആസൂത്രണ ഘട്ടത്തിലുമാണ്.
രണ്ട് ശതമാനം പൂർത്തിയായി. നാല് ശതമാനം പദ്ധതികൾ പൂർത്തിയായി കൈമാറ്റത്തിന് ഒരുങ്ങുകയാണ്. അഞ്ച് ശതമാനം പദ്ധതികൾ ഇതുവരെ ആസൂത്രണ ഘട്ടത്തിലേക്ക് പോലും കടന്നിട്ടില്ല. തൊഴിലാളി ക്ഷാമം നിർമാണ പദ്ധതികളെ ബാധിക്കുന്നതായാണ് റിപ്പോർട്ട്. വിവിധ സർക്കാർ ഏജൻസികളുമായി കരാറിൽ ഏർപ്പെട്ട കമ്പനികൾ തൊഴിലാളിക്ഷാമം കാരണം പദ്ധതികൾ നിശ്ചിത സമയത്തിന് പൂർത്തിയാക്കാൻ കഴിയാത്ത സ്ഥിതിയാണ്. വൈദ്യുതി, വെള്ളം, ഭവന പദ്ധതികൾ വൈകിയാണ് പുരോഗമിക്കുന്നത്. പല പദ്ധതികളും നിർത്തിവെച്ചിരിക്കുകയാണ്.
റോഡ് വികസന പദ്ധതികൾക്ക് മാത്രമാണ് കോവിഡ് കാലം ഗുണം ചെയ്തത്. കർഫ്യൂ കാലത്ത് ഇരട്ടി വേഗത്തിലാണ് റോഡ് പണി നടത്തിയത്. പരിസ്ഥിതി സൗഹൃദ പെട്രോളിയം പദ്ധതി, അൽ സൂർ എണ്ണശുദ്ധീകരണ ശാല, കുവൈത്ത് വിമാനത്താവള വികസനം, മുബാറക് അൽ കബീർ തുറമുഖം, മുത്ല ഭവന പദ്ധതി തുടങ്ങിയ പ്രധാന പദ്ധതികളെ ബാധിക്കാതിരിക്കാൻ നേരത്തെ സർക്കാർ ക്രമീകരണങ്ങൾ വരുത്തിയിരുന്നു. അവയിൽ പോലും പ്രതിസന്ധി അനുഭവിച്ചു. പല കരാറുകളും മാറ്റി എഴുതേണ്ട സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.