മറൈൻ റൂട്ടിന് ബദലായി; ഇനി ഇന്റർനെറ്റ് തടസ്സം പേടിക്കേണ്ട
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ഇനി ഇന്റർനെറ്റ് സേവനത്തിൽ തടസങ്ങളുണ്ടാകില്ല. യൂറോപ്പിനെ ഗൾഫ് ഇറാഖ് റൂട്ടുമായി ബന്ധിപ്പിക്കുന്ന പുതിയ അന്താരാഷ്ട്ര ഇടനാഴി ആരംഭിച്ചതായി കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) അറിയിച്ചു. ഇതുവഴി കുവൈത്തിൽ നിന്ന് യൂറോപ്പിലേക്ക് ഇറാഖിലൂടെ കടന്നുപോകുന്ന വിവരങ്ങൾ വേഗത്തിലും സുരക്ഷിതമായും കൈമാറാൻ കഴിയും. ഇടക്കിടെയുള്ള തകരാറും അറ്റകുറ്റപ്പണികളും മറൈൻ റൂട്ടുകളുടെ സേവനത്തെ ബാധിക്കുന്നതിനാൽ പുതിയ റൂട്ട് ഇതിന് ബദലാകും. ലാൻഡ് റൂട്ട് കേബിളിന് 100 ജി.ബി ശേഷിയുണ്ട്. ഇത് വൻകിട കമ്പനികൾക്കും അന്താരാഷ്ട്ര സേവന ദാതാക്കൾക്കും വിശ്വസനീയമായ ഒന്നാകും. സാജിൽ ടെലികോമിന്റെ പങ്കാളിത്തത്തോടെയാണ് പദ്ധതി.
‘ഇറാഖ് റൂട്ട്’ സുരക്ഷിത ഡിജിറ്റൽ ആശയവിനിമയത്തിൽ കുവൈത്തിന്റെ പ്രതിച്ഛായ വർധിപ്പിക്കുമെന്നും രാജ്യത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും സാമ്പത്തിക വളർച്ചക്കും പിന്തുണ നൽകുമെന്നും സിട്രാ ആക്ടിങ് പ്രസിഡന്റ് അബ്ദുല്ല അൽ അജ്മി പറഞ്ഞു. പ്രാദേശിക ടെലികമ്മ്യൂണിക്കേഷൻ കമ്പനികൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് വേഗത്തിലുള്ള സേവനം നൽകുന്നതിനായി പുതിയ ലാൻഡ് റൂട്ട് ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാഖി ഇൻഫോർമാറ്റിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ പബ്ലിക് കമ്പനിയുമായി (ഐ.ടി.പി.സി) സഹകരിച്ചാണ് റൂട്ട് ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടൽ വഴിയുള്ള ഇന്റർനെറ്റ് കേബിളിൽ തകരാറുകൾ സംഭവിക്കുന്നത് രാജ്യത്തെ സേവനങ്ങളിൽ തടസ്സം സൃഷ്ടിക്കാറുണ്ട്. ദിവസങ്ങൾക്കു മുമ്പും ഇത്തരം തകരാറുകൾ സംഭവിച്ചിരുന്നു. താത്കാലിക ബദൽ മാർഗങ്ങൾ സ്വീകരിച്ചാണ് ഇവ മറികടക്കാറ്. എന്നാൽ ഇത് ഇന്റർനെറ്റ് വേഗത കുറക്കാറുണ്ട്. പുതിയ ലാൻഡ് റൂട്ട് ആരംഭിച്ചത് ഇത്തരം പ്രശ്നങ്ങളെ മറികടക്കാൻ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.