റമദാൻ അവസാന പത്തിൽ പ്രാർഥനകളിൽ മുഴുകി വിശ്വാസികൾ
text_fieldsകുവൈത്ത് സിറ്റി: റമദാൻ അവസാന പത്തിലെത്തിയതോടെ കൂടുതൽ പ്രാർഥനകളിലും സത്കർമങ്ങളിലും മുഴുകി വിശ്വാസികൾ. റമദാനിലെ ഏറ്റവും വിലപ്പെട്ട ദിനങ്ങളായാണ് അവസാന പത്തുദിനങ്ങളെ കാണുന്നത്. റമദാനിലെ ആദ്യ പത്ത് അനുഗ്രഹത്തിന്റെയും രണ്ടാം പത്ത് പാപമോചനത്തിന്റെയും അവസാന പത്ത് നരകമോചനത്തിനുമുള്ളതാണെന്നാണ് വിശ്വാസം.
ദൈവത്തിന്റെ പ്രത്യേക അനുഗ്രഹങ്ങളുമായി റമദാനിലെ അവസാന നാളുകളിലുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്ന ആയിരം മാസത്തേക്കാൾ ശ്രേഷ്ഠമായ ലൈലത്തുല്‍ ഖദ്ര് അവസാന പത്തിലാവാനാണ് സാധ്യത കല്പിക്കപ്പെടുന്നത്. ഇനിയുള്ള നാളുകളില്‍ കാരുണ്യപ്രവര്‍ത്തനങ്ങളും സഹായവിതരണങ്ങളും കൂടുതല്‍ സജീവമാകും. വിശ്വാസികളുടെ രാത്രികൾ പ്രാർഥനാ മുഖരിതമാകും. രാജ്യത്തെ പള്ളികളിൽ പാതിര നമസ്കാരത്തിന് ശനിയാഴ്ച തുടക്കമായി. പള്ളികളിലെത്തുന്ന വിശ്വാസികൾക്കായി ഔഖാഫ് മന്ത്രാലയം വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രി ശൈഖ് ഡോ. മുഹമ്മദ് സബാഹ് അൽ സാലിം അസ്സബാഹ് ശനിയാഴ്ച രാത്രി ഗ്രാൻഡ് മസ്ജിദിലെത്തി.
റമദാൻ രാത്രികളിൽ വിശ്വാസികളെ സ്വീകരിക്കുന്നതിനും അവരെ സേവിക്കുന്നതിനുമുള്ള ഒരുക്കങ്ങൾ മസ്ജിദിന്റെ ഭരണാധികാരികൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ആരാധകർക്ക് ശാന്തമായ ആത്മീയ അന്തരീക്ഷം ഉറപ്പാക്കുന്നതിന് വിവിധ സംസ്ഥാന ഏജൻസികൾ തമ്മിലുള്ള ഏകോപനത്തെ കുറിച്ചും വിശദീകരിച്ചു. ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ശരീദ അൽ മൗഷർജി, നീതിന്യായ മന്ത്രിയും ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രിയുമായ ഫൈസൽ സെയ്ദ് അൽ ഗരീബ് എന്നിവരും പ്രധാനമന്ത്രികൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.