കഴിഞ്ഞ വർഷം ആഭ്യന്തര മന്ത്രാലയം നാടുകടത്തിയത് 42,000 പ്രവാസികളെ
text_fieldsകുവൈത്ത് സിറ്റി: കഴിഞ്ഞ 33 വർഷത്തിനിടെ രാജ്യത്തുനിന്ന് നാടുകടത്തിയത് 5,95,211 പേരെ. 3,54,168 പുരുഷന്മാരും 2,30,441 സ്ത്രീകളും 10,602 കുടുംബങ്ങളും ഉൾപ്പെടെയാണ് ഈ സംഖ്യയെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ നാടുകടത്തൽ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ജാസിം അൽ മിസ്ബാഹ് വ്യക്തമാക്കി.
ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ മേഖലകളിൽ നിന്ന് റഫർ ചെയ്യപ്പെടുന്ന വ്യക്തികളുടെ നാടുകടത്തൽ നടപടിക്രമങ്ങൾ മൂന്ന് ദിവസത്തിനകം പൂർത്തിയാക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ വർഷം 42,000 പ്രവാസികളെയും 2024 ഇതുവരെയായി 25,000 പ്രവാസികളെയും നാടുകടത്തിയതായി അദ്ദേഹം വെളിപ്പെടുത്തി.
നാടുകടത്തപ്പെടുന്നവരുടെ വിമാന ടിക്കറ്റിന്റെ ഉത്തരവാദിത്തം സ്പോൺസർമാർക്കാണ്. ടിക്കറ്റ് റിസർവേഷനും പുറപ്പെടൽ നടപടിക്രമങ്ങളും വേഗത്തിലാക്കാൻ ഡിപ്പാർട്മെന്റിന്റെ കെട്ടിടത്തിലെ രണ്ട് ട്രാവൽ ഓഫീസുകൾ വഴി നടപടികൾ പൂർത്തിയാക്കാം. യാത്രാ രേഖയോ പാസ്പോർട്ടോ ഉപയോഗിച്ചാണ് നാടുകടത്തൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്.
നാട് കടത്തുന്ന വ്യക്തിയുടെ വിരലടയാളമെടുക്കുമെന്നും വിമാനത്താവളത്തിലേക്ക് മാറ്റുന്നതിന് മുമ്പ് നാടുകടത്താനുള്ള ക്രമീകരണങ്ങൾ ചെയ്യുമെന്നും ബ്രിഗേഡിയർ ജാസിം അൽ മിസ്ബാഹ് വ്യക്തമാക്കി.
സുലൈബിയയിലെ പുതിയ നാടുകടത്തൽ കേന്ദ്രം 90 ശതമാനം പൂർത്തിയായിട്ടുണ്ട്. സ്ത്രീ തടവുകാരെ അവിടേക്ക് താമസിയാതെ മാറ്റാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഈ കെട്ടിടത്തിൽ സന്ദർശകർക്കായുള്ള വലിയ ഹാൾ, അഭിഭാഷകർക്കുള്ള ഇടം, അന്തേവാസികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള സൂപ്പർമാർക്കറ്റ് എന്നിവയുമുണ്ടാകും. തടവുകാരുടെ മാനുഷിക ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ ആഭ്യന്തര മന്ത്രി കാണിച്ച താൽപര്യം ബ്രിഗേഡിയർ അൽ മിസ്ബാഹ് ചൂണ്ടിക്കാണിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.