നിയമം എല്ലാവർക്കും ബാധകം, നടപടികൾ തുടരും -ആഭ്യന്തര മന്ത്രി
text_fieldsകുവൈത്ത് സിറ്റി: നിയമം എല്ലാവർക്കും ബാധകമാണെന്നും നിയമലംഘകരെ ലക്ഷ്യമിട്ടുള്ള സുരക്ഷ പദ്ധതികൾ നടപ്പാക്കുന്നത് തുടരുമെന്നും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹ് വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടന്ന സുരക്ഷ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ്, മറ്റു അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. വിവിധ പദ്ധതികളും ഭാവി പ്രവർത്തനപദ്ധതികളും യോഗത്തിൽ അവലോകനം ചെയ്തു. നിയമവിരുദ്ധ പ്രവർത്തനങ്ങളെ ശക്തമായി നേരിടുന്നതിനുള്ള നടപടികൾ സജീവമാക്കാൻ യോഗം തീരുമാനമെടുത്തു.
നിയമലംഘകരെ പിടികൂടുന്നതിനുള്ള പരിശോധനകളും സുരക്ഷ പദ്ധതികൾ നടപ്പാക്കുന്നതും തുടരാൻ മന്ത്രി നിർദേശം നൽകി. നിലവിലുള്ള എല്ലാ പ്രശ്നങ്ങൾക്കും അടിയന്തര പരിഹാരം കാണേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. കൂടുതൽ പരിശ്രമം അനിവാര്യമായ ഘട്ടമാണ് വരാനിരിക്കുന്നതെന്നും ഉണർത്തി. ജാഗ്രതയും എല്ലാ തലങ്ങളിലും ഉത്സാഹവും മികവും ആവശ്യമുള്ള ഘട്ടമാണിതെന്നും ശൈഖ് തലാൽ ഉണർത്തി.
ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.