മത അവഹേളനത്തിനെതിരെ നിയമനിർമാണം; ഡെന്മാർക് തീരുമാനത്തെസ്വാഗതം ചെയ്ത് കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: മതങ്ങളെയും വിശ്വാസങ്ങളെയും അവഹേളിക്കുന്നത് നിയമവിരുദ്ധമാക്കാനുള്ള ഡാനിഷ് സർക്കാർ തീരുമാനത്തെ കുവൈത്ത് സ്വാഗതം ചെയ്തു. വിഷയത്തിൽ കുവൈത്തിന്റെയും മുസ്ലിം രാജ്യങ്ങളുടെയും സംഘടനകളുടെയും അഭ്യർഥനകൾ മാനിച്ചതിൽ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ഡാനിഷ് വിദേശകാര്യ മന്ത്രി ലാർസ് റാസ്മുസെന് നന്ദി അറിയിച്ചു.
നിർദിഷ്ട കരട് നിയമത്തെക്കുറിച്ച് ഡാനിഷ് വിദേശകാര്യ മന്ത്രി ലാർസ് റാസ്മുസെൻ തന്നെ അറിയിച്ചതായും ശൈഖ് സലിം വ്യക്തമാക്കി. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മറവിൽ ഖുർആനെയും മതനേതാക്കളെയും അവഹേളിക്കുന്നത് നിയമവിരുദ്ധമാക്കുന്നതും നിയമത്തിൽ ഉൾപ്പെടും. ഡാനിഷ് സർക്കാർ ഈ വിഷയത്തിൽ വളരെയധികം ശ്രദ്ധ ചെലുത്തുന്നതായും മുഴുവൻ അന്താരാഷ്ട്ര സമൂഹവുമായും സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ബന്ധം നിലനിർത്താൻ ശ്രമിക്കുന്നതായും റാസ്മുസെൻ വ്യക്തമാക്കിയതായും ശൈഖ് സലിം അറിയിച്ചു.
ഖുർആൻ പകർപ്പുകൾ കത്തിക്കുന്ന കുറ്റകൃത്യങ്ങളും വിദ്വേഷം വളർത്തുന്ന അപലപനീയമായ പ്രവൃത്തികളും തടയുന്നതിനുള്ള നല്ല ചുവടുവെപ്പായി ഡാനിഷ് നീക്കത്തെ കുവൈത്ത് വിദേശകാര്യ മന്ത്രി വിലയിരുത്തി. ധാർമികവും മാനുഷികവുമായ തത്ത്വങ്ങൾക്കും മൂല്യങ്ങൾക്കും വിരുദ്ധവും അന്താരാഷ്ട്ര സമാധാനവും ഐക്യവും അപകടപ്പെടുത്തുന്നതുമായ ഇത്തരം പ്രവൃത്തികൾ നിർത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം സൂചിപ്പിച്ചു. ഖുർആൻ പകർപ്പുകൾ കത്തിക്കുന്ന കുറ്റകൃത്യങ്ങൾക്ക് സാക്ഷ്യം വഹിച്ച മറ്റു രാജ്യങ്ങളും ഡാനിഷ് നടപടി പിന്തുടരാനും മതങ്ങളെ അവഹേളിക്കുന്നത് തടയുന്ന നിയമങ്ങൾ നടപ്പാക്കാനും ശൈഖ് സലിം ആവശ്യപ്പെട്ടു.
മതപരമായ വസ്തുക്കളോട് അനുചിതമായി പെരുമാറുന്നത് ക്രിമിനൽ കുറ്റമാക്കുന്ന നിയമം കൊണ്ടുവരുമെന്ന് ഡാനിഷ് സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പൊതുഇടങ്ങളിൽ ഖുർആൻ കത്തിക്കുന്നതും മതഗ്രന്ഥത്തെ അവഹേളിക്കുന്നതും അവസാനിപ്പിക്കാനാണ് ഈ നിയമം വഴി ലക്ഷ്യമിടുന്നത്. നിയമം ലംഘിക്കുന്നവർക്ക് രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കും. ഇതുസംബന്ധിച്ച ബില്ല് സെപ്റ്റംബർ ഒന്നിന് പാർലമെന്റിൽ അവതരിപ്പിക്കും.
പ്രവാചകനിന്ദ, ഖുർആൻ പകർപ്പുകൾ കത്തിക്കൽ എന്നിവ വ്യാപകമായതോടെ ഡെന്മാർക്കിനെ കുവൈത്ത് അടക്കമുള്ള മുസ്ലിം രാജ്യങ്ങളും സംഘടനകളും ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ജൂലൈയിൽ ആയിരക്കണക്കിന് പ്രതിഷേധക്കാർ ബഗ്ദാദിലെ ഡാനിഷ് എംബസിക്കു സമീപം അണിനിരക്കുകയുമുണ്ടായി.
ഖുർആൻ പകർപ്പുകൾ കത്തിക്കുന്ന കുറ്റകൃത്യങ്ങൾക്ക് സാക്ഷ്യം വഹിച്ച മറ്റ് രാജ്യങ്ങളും ഡാനിഷ് നടപടി പിന്തുടരുകയും മതങ്ങളെ അവഹേളിക്കുന്നത് തടയുന്ന നിയമങ്ങൾ നടപ്പാക്കുകയും വേണം -ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.