പക്ഷികൾ പറക്കട്ടെ...
text_fieldsകുവൈത്ത് സിറ്റി: ദേശാടനപ്പക്ഷികളുടെ ഇരു ദിശകളിലേക്കുമുള്ള ദേശാടനത്തെ സൂചിപ്പിക്കാനായി എല്ലാ വർഷവും രണ്ടു തവണയായി ഐക്യരാഷ്ട്രസഭയുടെ (യു.എൻ) പരിസ്ഥിതി സംഘടന കൊണ്ടാടുന്ന ദിനമാണ് ലോക ദേശാടനപ്പക്ഷി ദിനം. വർഷത്തിൽ രണ്ടു തീയതികളിലായി നടത്തപ്പെടുന്ന ദേശാടനപ്പക്ഷി ദിനം ഇക്കൊല്ലം മേയ് 13, ഒക്ടോബർ 14 എന്നീ തീയതികളിലാണ്.
‘ജലം: പക്ഷികളുടെ ജീവൻ നിലനിർത്തുക’ എന്നതാണ് ഈ വർഷത്തെ ആശയം. ഇതിൽ വെള്ളവും അനുബന്ധ സ്ഥലങ്ങളും സംരക്ഷിക്കേണ്ട ആവശ്യകതക്കും ഊന്നൽ നൽകുന്നു. പക്ഷികളുടെ ദേശാടനവേളയിൽ വെള്ളവും വെള്ളത്തിനോട് ചുറ്റിയുള്ള സ്ഥലങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. അതിതീവ്രമായ ദേശാടനയാത്രയിൽ ഭക്ഷണ സമ്പാദനത്തിനും കുടിക്കാനും കൂടുകൂട്ടാനും വിശ്രമിക്കാനും മിക്ക പക്ഷികളും ജലത്തോട് ചേർന്ന സ്ഥലങ്ങളാണ് തിരഞ്ഞെടുക്കുക. ചെറുതും വലുതുമായ തടാകങ്ങൾ, നദികൾ, അരുവികൾ, അഴിമുഖങ്ങൾ, ഡെൽറ്റകൾ, കണ്ടൽപ്രദേശങ്ങൾ, ചതുപ്പുപ്രദേശങ്ങൾ, താഴ്ന്ന നിരപ്പിലുള്ള നെൽവയലുകൾ, അണക്കെട്ടുകൾ, ജലസംഭരണികൾ തുടങ്ങി മിക്ക തണ്ണീർത്തടങ്ങളും ദേശാടന വേളയിൽ പക്ഷികളാൽ നിറയും.
ജലത്തോട് ചേർന്നുള്ള ഇത്തരം സ്ഥലങ്ങൾ മിക്കതും ചുരുങ്ങുകയും മലിനപ്പെടുകയും ചെയ്തിരിക്കുന്നു എന്നതാണ് വിഷമകരമായ വസ്തുത. മനുഷ്യന്റെ പ്രവൃത്തികളും കാലാവസ്ഥ വ്യതിയാനവും ഇതിന് കാരണമാണ്. ഇത് നിലവിലുള്ള ശുദ്ധജല സ്രോതസ്സുകളിൽ അതികഠിനമായ സമ്മർദം ഏൽപിച്ചിരിക്കുന്നു. തണ്ണീർത്തടങ്ങളുടെയും ജലത്തോട് ചേർന്ന ആവാസവ്യവസ്ഥകളുടെയും സംരക്ഷണം ഐക്യരാഷ്ട്രസഭയുടെ യു.എൻ.ഇ.പി ശ്രദ്ധ ചെലുത്തുന്ന വിഷയങ്ങളാണ്.
കുവൈത്തും പക്ഷിദേശാടനവും
ദേശാടനപ്പക്ഷികളുടെ പ്രമുഖമായ രണ്ടു പാതകൾ കുവൈത്തിൽകൂടിയാണ് കടന്നുപോകുന്നത്. വർഷവും ആയിരക്കണക്കിന് പക്ഷികൾ ഈ പാതയിലൂടെ കുവൈത്തിനെ മുറിച്ചുകടന്നു യാത്രയാവുന്നു. ലോക ദേശാടനപ്പക്ഷി ദിനത്തിന്റെ അജണ്ടയായ ജലവും ദേശാടനപ്പക്ഷികളും എന്ന വാക്യം തികച്ചും അർഥവത്താകുന്നത് കുവൈത്തിലാണ്. പ്രകൃതിപരമായി ശുദ്ധജലലഭ്യത കുറഞ്ഞ കുവൈത്തിൽ ദേശാടനപ്പക്ഷികൾ ആശ്രയിക്കുന്നത് മനുഷ്യനിർമിതമായ കൃത്രിമ ജലാശയങ്ങളെയാണ്. ജഹ്റയിലും മറ്റുമുള്ള ഇത്തരം ജലാശയങ്ങൾ സംരക്ഷിക്കാൻ കുവൈത്ത് സർക്കാർ (ഇ.പി.എ) എടുക്കുന്ന കരുതൽ അഭിനന്ദനാർഹമാണ്. ദേശാടനപ്പക്ഷികളുടെയും തദ്ദേശീയ പക്ഷികളുടെയും പ്രധാന കേന്ദ്രമാണ് ഇവിടം.
കുവൈത്തിൽ ലോക ദേശാടനപ്പക്ഷി ദിനത്തിന്റെ ഭാഗമായി കുവൈത്ത് ബെർഡർസ് ക്ലബ് സാരഥികളായ കിച്ചു അരവിന്ദ്, ലിജോ ജെയിംസ്, ഇർവിൻ സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ പക്ഷിനിരീക്ഷണ യാത്രയും ശിൽപശാലയും സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.