മാലാഖയെ പോലെ പറന്നെത്തിയ ആ സുഹൃത്ത് ആരാണ്
text_fieldsകുവൈത്ത് സിറ്റി: മനുഷ്യരെ അകലങ്ങളിൽ നിർത്തിയ മഹാമാരിയാണ് കോവിഡ്. അടുത്തുനിൽക്കാൻ വരെ ആളുകൾ ഭയപ്പെട്ടു. ആരെയും കുറ്റം പറയാൻ കഴിയുമായിരുന്നില്ല. ചുറ്റും മരണങ്ങളുടെ വാർത്തകളായിരുന്നു. ജീവനിൽ കൊതിയില്ലാത്തവർ ആരാണ്. എന്നാൽ, സ്വന്തം ജീവനേക്കാളും ജീവിതത്തേക്കാളും അധികം മറ്റുള്ളവരുടെ ദൈന്യതകളെയും ആവശ്യങ്ങളെയും പരിഗണിച്ചിരുന്ന മഹാമനുഷ്യർ എമ്പാടും ഉണ്ടായിരുന്നു. വൈറസ് ബാധിച്ച് ഒന്ന് എഴുന്നേൽക്കാൻ പോലും കഴിയാതിരുന്ന ഘട്ടത്തിൽ സഹായത്തിനെത്തിയ ഒരു സുഹൃത്തിനെ പറ്റി നിങ്ങൾക്കും പറയാനില്ലേ. സവിശേഷമായി പറയേണ്ടതുണ്ട് എന്ന് തോന്നിയ നന്മയെ കുറിച്ച്, നല്ല മനുഷ്യരെ കുറിച്ച്, സന്ദർഭങ്ങളെ കുറിച്ച് നിങ്ങൾക്കും എഴുതാം. കോവിഡ് കാലത്ത് പൂത്തുലഞ്ഞ നന്മയും മനുഷ്യത്വവും ആഘോഷിക്കാനും ആത്മവിശ്വാസം ഊട്ടിയുറപ്പിക്കാനും 'സിംഫണി ഓഫ് സർവൈവൽ ആൻഡ് ഫ്രണ്ട്ഷിപ്'എന്ന പേരിൽ ഗൾഫ് മാധ്യമം കുവൈത്ത് നടത്തുന്ന കാമ്പയിന്റെ ഭാഗമായി ഈ വിഷയത്തിൽ എഴുതാൻ വായനക്കാർക്ക് അവസരം നൽകുന്നു. നിശ്ശബ്ദ സേവനങ്ങളുടെ പരമ്പര തീർത്ത ശേഷം ചിത്രത്തിലെവിടെയും വരാതെ മാറിനിന്ന നിസ്വാർഥരായ പച്ചമനുഷ്യരെ അടയാളപ്പെടുത്തണമെന്നാണ് കരുതുന്നത്. കോവിഡ് കാല നിയന്ത്രണങ്ങളുടെ ഫലമായി പ്രതിസന്ധികളുടെ കൊടുമുടിയിൽ ശങ്കിച്ചുനിൽക്കുമ്പോൾ മാലാഖയെ പോലെ പറന്നെത്തിയ ആ സുഹൃത്തിനെ നിങ്ങളിലൂടെ ലോകം അറിയട്ടെ. വ്യക്തികളെ പുകഴ്ത്തുന്നതിനേക്കാൾ നന്മകളുടെ ആഘോഷമാണ് നാം നടത്തുന്നത്.
തീർത്തും സാധാരണമായ കാര്യങ്ങൾ അല്ല എഴുതേണ്ടത്. ആഘോഷിക്കപ്പെടണം നന്മയും സ്നേഹവും. ആദരിക്കപ്പെടണം മനുഷ്യത്വം. കൂടുതൽ വിവരങ്ങൾക്ക് kuwait@gulfmadhyamam.net എന്ന മെയിലിലും 97957790 എന്ന വാട്സ് ആപ് നമ്പറിലും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.