നാട്ടിൽ വോട്ടായി; ആവേശത്തിൽ പ്രവാസികളും
text_fieldsകുവൈത്ത് സിറ്റി: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ നാട്ടിലെ വോട്ട് ആവേശത്തിലേക്ക് പ്രവാസി ലോകവും. ഏപ്രിൽ 26ന് കേരളത്തിലെ വോട്ടെടുപ്പും ജൂൺ നാലിന് വോട്ടെണ്ണലും ഉൾപ്പെടെ തെരഞ്ഞെടുപ്പ് തീയതികളായതോടെ പ്രചാരണ പരിപാടികളിലും വോട്ടുറപ്പിക്കാനുമുള്ള ആലോചനകൾക്കും പ്രവാസലോകത്തും തുടക്കമായി. തെരഞ്ഞെടുപ്പ് ചർച്ചകളിലും ആവേശത്തിലും നാട്ടുകാരെക്കാൾ മുന്നിലാണ് പ്രവാസികൾ. മുൻ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് സമാനമായി വിവിധ പ്രവാസി സംഘടനകൾ, കൂട്ടായ്മകൾ എന്നിവരുടെ നേതൃത്വത്തിൽ വിപുല പരിപാടികളാണ് കുവൈത്തിലും ആസൂത്രണം ചെയ്യുന്നത്.
കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്കെല്ലാം കുവൈത്തിലും പ്രവാസി ഉപഘടകങ്ങളുണ്ട്. ഇവിടെ സാംസ്കാരിക സംഘടനകളായാണ് ഇവയുടെ പ്രവർത്തനം. എന്നാൽ, വോട്ട് ചേർക്കലും പ്രചാരണവും നാട്ടിലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വോട്ട് പിടിത്തവുമെല്ലാമായി സംഘടന സംവിധാനങ്ങളും വ്യക്തികളും സജീവമാണ്. റമദാൻ നോമ്പിന്റെ ആലസ്യം പകലിലെയും രാത്രിയിലെയും ഒത്തുചേരലിനും കൺവെൻഷനുകൾക്കും മെല്ലെപ്പോക്കായി മാറുമെങ്കിലും വരുംദിവസങ്ങളിൽ എല്ലാം അതിവേഗത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് സംഘടന ഭാരവാഹികൾ. ഇഫ്താറുകളും തെരഞ്ഞെടുപ്പു കൺവെൻഷനും ഒരുമിച്ച് നടത്താനും ചിലർ പദ്ധതി തയാറാക്കി.
കല കുവൈത്ത് തെരഞ്ഞെടുപ്പ് കൺവെൻഷന് തുടക്കമിട്ടു കഴിഞ്ഞു. 20 മണ്ഡലം കമ്മിറ്റികളുടെ രൂപവത്കരണം പൂർത്തിയായതായും വെള്ളിയാഴ്ച മുതൽ പ്രത്യേക യോഗങ്ങളും പ്രവർത്തനങ്ങളും ആരംഭിക്കുമെന്നും കല കുവൈത്ത് അറിയിച്ചു. ഈയാഴ്ച തെരഞ്ഞെടുപ്പ് കമ്മിറ്റികൾക്ക് രൂപം നൽകുമെന്നും മണ്ഡലം, ജില്ല എന്നിവയുടെ കൺവെൻഷനുകൾ വൈകാതെ ആരംഭിക്കുമെന്നും ഒ.ഐ.സി.സി അറിയിച്ചു.
കെ.എം.സി.സി വടകര മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഞായറാഴ്ച തുടക്കമായി. കേരളത്തിൽ വാശിയേറിയ മത്സരം നടക്കുന്ന മണ്ഡലമാണ് വടകര. വരും ദിവസങ്ങളിൽ മണ്ഡലങ്ങൾ, ജില്ല കമ്മിറ്റികൾ എന്നിവ കേന്ദ്രീകരിച്ചും കൺവെൻഷനുകൾ സജീവമാക്കുമെന്ന് കെ.എം.സി.സി അറിയിച്ചു.
മറ്റു ചെറുസംഘടനകളും വോട്ടുറപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. നാട്ടിൽ ഒരേ മുന്നണിയിലുള്ള സംഘടനകൾ നാട്ടിലെ പോലെ ഒന്നിച്ചു ചേർന്ന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് കൊഴുപ്പേകാനുള്ള ആലോചനയും നടത്തിവരുന്നു. സ്ഥാനാർഥികളെ ഓൺലൈനിൽ പങ്കെടുപ്പിച്ചും നേതാക്കളെ നേരിട്ടെത്തിച്ചും പ്രചാരണ പരിപാടികളും പദ്ധതിയിടുന്നുണ്ട്. പ്രവാസി വോട്ടർമാരെ നാട്ടിലെത്തിച്ച് വോട്ടുറപ്പിക്കാനുള്ള ശ്രമവും നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.