മാതൃഭാഷ സ്നേഹവും സാമൂഹിക പ്രതിബദ്ധതയും കുട്ടികളിൽ വളർത്തണം -മന്ത്രി റോഷി അഗസ്റ്റിൻ
text_fieldsകുവൈത്ത് സിറ്റി: അമ്മയെ സ്നേഹിക്കുന്നതുപോലെ മാതൃഭാഷയെ സ്നേഹിക്കാൻ കുട്ടികളെ പഠിപ്പിക്കണമെന്നും പഠനത്തോടൊപ്പം സാമൂഹികപ്രതിബന്ധതയുള്ളവരായി അവരെ വളർത്തണമെന്നും കേരള ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ അഭിപ്രായപ്പെട്ടു.
മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ എസ്.എം.സി.എ കുവൈത്ത് മേഖലയുടെ ഈ വർഷത്തെ പഠനപ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചുള്ള പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു റോഷി അഗസ്റ്റിൻ. മലയാളി സമൂഹം ലോകത്തിന്റെ ഏതു ഭാഗത്താണെങ്കിലും ആ സംസ്കാരത്തെ പൂർണമായും ഉൾക്കൊള്ളുകയും അതോടൊപ്പം സ്വന്തം സംസ്കാരത്തെ നല്ല നിലയിൽ നിലനിർത്താൻ കഠിന പ്രയത്നം ചെയ്യുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
എസ്.എം.സി.എ പ്രസിഡന്റ് സാൻസിലാൽ ചക്യാത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാജിമോൻ ഈരേത്ര മന്ത്രി റോഷി അഗസ്റ്റിനെ പരിചയപ്പെടുത്തി. റെജിമോൻ സേവ്യർ, സജി ജോൺ, റിനീഷ് വർഗീസ്, സുനിൽ തൊടുകയിൽ എന്നിവർ സംസാരിച്ചു.
'ഓർമക്കൂട്ടിലെ പക്ഷി' എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ച ലൗലി ബാബുവിനെ മന്ത്രി പൊന്നാടയണിയിച്ച് അഭിനന്ദിച്ചു. വൈസ് പ്രസിഡന്റ് ജോബിൻ ജോർജ് സ്വാഗതവും ട്രഷറർ ജോസ് മത്തായി നന്ദിയും പറഞ്ഞു. വിവിധ പഠനകേന്ദ്രങ്ങളിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾ പ്രവേശനോത്സവത്തിനു മാറ്റുകൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.